ന്യൂഡല്‍ഹി: പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട സുരക്ഷാവീഴ്‌ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി അന്വേഷിക്കും. പഞ്ചാബ് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയാണ് സമിതിയെ നിയോഗിച്ചത്.
ഡയറക്‌ടര്‍ ജനറല്‍ അല്ലെങ്കില്‍ ഐജി, എൻഐഎ റാങ്കിൽ കുറയാത്ത പ്രതിനിധി, ചണ്ഡിഗഡിലെ പോലീസ് ഡിജി, പഞ്ചാബ് എഡിജിപി (സെക്യൂരിറ്റി), പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറൽ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്‌ചയെക്കുറിച്ച് അന്വേഷിക്കാൻ വിരമിച്ച സുപ്രീംകോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ ഒരു സ്വതന്ത്ര സമിതി രൂപീകരിക്കുമെന്ന് തിങ്കളാഴ്‌ച കോടതി വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരും പഞ്ചാബ് സർക്കാരും രൂപീകരിച്ച എല്ലാ അന്വേഷണ സമിതികളെയും ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ബഞ്ച് തടഞ്ഞു.