പറ്റ്‌ന : അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ആശങ്കയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് രാഷ്‌ട്രീയ ജനതാദൾ അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതോടെ മോദി വിദേശ രാജ്യത്ത് അഭയം തേടുമെന്നും ലാലു പ്രസാദ് പറഞ്ഞു. പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്‌മക്കെതിരെ 'ക്വിറ്റ് ഇന്ത്യ' എന്ന പരാമർശവുമായി മോദി രംഗത്തുവന്ന സാഹചര്യത്തിലാണ് ലാലുവിന്‍റെ പ്രതികരണം. 'ഇന്ത്യ' എന്ന പുതിയ സഖ്യം രൂപീകരിച്ച പ്രതിപക്ഷ പാർട്ടികൾ അഴിമതി, സ്വജനപക്ഷപാതം, പ്രീണന രാഷ്‌ട്രീയം എന്നിവയാണ് ലക്ഷ്യമിടുന്നതെന്നാണ് പ്രധാനമന്ത്രി ആരോപിച്ചിരുന്നത്.
മോദിയാണ് രാജ്യം വിടാൻ ആലോചിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം നിരന്തരം വിവിധ രാജ്യങ്ങൾ സന്ദർശിച്ചുകൊണ്ടിരിക്കുന്നത്. പിസയും മോമോസും നൂഡിൽസുമൊക്കെ ആസ്വദിച്ച് കഴിച്ച് വിശ്രമിക്കാനുള്ള സ്ഥലം ഏതെന്ന് അന്വേഷിച്ചുക്കൊണ്ടിരിക്കുകയാണ് മോദി'. നർമത്തില്‍ ചാലിച്ച് ലാലു ചൂണ്ടിക്കാട്ടി. മൂത്തമകനും ബിഹാർ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു 75-കാരനായ അദ്ദേഹം.
അടുത്ത മാസം മുംബൈയിൽ നടക്കാനിരിക്കുന്ന 'ഇന്ത്യ'യുടെ അടുത്ത യോഗത്തിനായി താൻ കാത്തിരിക്കുകയാണ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം യോഗത്തില്‍ താൻ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 'നമ്മൾ ഐക്യം നിലനിർത്തുകയും ബിജെപിയെ പരാജയപ്പെടുത്തുകയും വേണം. നരേന്ദ്ര മോദി ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കുകയാണ്, പക്ഷേ ഞങ്ങൾ ശ്രമം പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിലെ നിലവിലെ സംഘർഷത്തിന് കേന്ദ്ര സർക്കാറാണ് ഉത്തരവാദിയെന്നും ലാലു പറഞ്ഞു.