കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി-എൻഡിഎ പരിപാടിയിൽ പ്രധാനമന്ത്രി സംസാരിക്കുമെന്നും കെ സുരേന്ദ്രൻ ശനിയാഴ്‌ച പറഞ്ഞു. എൻഡിഎയുടെ സംസ്ഥാന നേതൃയോഗത്തിന് ശേഷം വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ (PM Narendra Modi to visit Kerala in January also attend NDA event).
മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് മുതിർന്ന നേതാക്കളും വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ നടക്കുന്ന എൻഡിഎയുടെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ജനുവരിയിൽ സംസ്ഥാനത്തെ എല്ലാ ലോക്‌സഭ മണ്ഡലങ്ങളിലും മുന്നണി നേതാക്കളും പ്രവർത്തകരും കാൽനട ജാഥകൾ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്‌തുമസ് സന്ദേശവുമായി സംസ്ഥാനത്തെ എല്ലാ ക്രിസ്‌ത്യൻ ഭവനങ്ങളും സന്ദർശിക്കാൻ എൻഡിഎ തീരുമാനിച്ചിട്ടുണ്ട്.
ബിജെപി നേതാക്കൾ മാത്രമല്ല എൻഡിഎയുടെ എല്ലാ നേതാക്കളും പ്രധാനമന്ത്രിയുടെ സന്ദേശവുമായി സംസ്ഥാനത്തെ ക്രിസ്‌ത്യൻ ഭവനങ്ങൾ സന്ദർശിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫിന്‍റെയും സിപിഎം നേതൃത്വം വഹിക്കുന്ന എൽഡിഎഫിന്‍റെയും വർഗീയ പ്രീണന നയം തുറന്നുകാട്ടാൻ ഈ അവസരം പ്രയോജനപ്പെടുത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.