ഗ്വാളിയോര്‍: ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നെത്തിച്ച ചീറ്റപ്പുലികളെ പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് തുറന്നുവിട്ടു. നമീബിയയില്‍ നിന്ന് പ്രത്യേക ചാർട്ടേഡ് കാർഗോ വിമാനത്തിലെത്തിയ എട്ട് ചീറ്റകളെയാണ് പ്രധാനമന്ത്രി തുറന്നുവിട്ടത്. അതേസമയം, ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യൻ മണ്ണില്‍ നിന്നും വിട പറഞ്ഞ ചീറ്റകളെ നീണ്ട ഇടവേളക്ക് ശേഷം തിരികെയെത്തിച്ചിരിക്കുകയാണ് രാജ്യം.
'ഇന്‍ക്രഡിബിള്‍ ഇന്ത്യ'; നമീബിയയില്‍ നിന്നെത്തിച്ച ചീറ്റപ്പുലികളെ ഇന്ത്യന്‍ മണ്ണിലേക്ക് തുറന്ന് വിട്ട് പ്രധാനമന്ത്രി വെള്ളിയാഴ്‌ച (16.09.2022) രാത്രി നമീബിയയില്‍ നിന്ന് മധ്യപ്രദേശിലേക്ക് പുറപ്പെട്ട ചീറ്റകളെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക ചരക്ക് വിമാനം ഇന്ന് (17.09.2022) കാലത്താണ് ഗ്വാളിയോറിലെ ഇന്ത്യൻ എയർഫോഴ്‌സ് സ്‌റ്റേഷനിൽ ലാൻഡ് ചെയ്‌തത്. ഇവിടെ നിന്നും ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്‌റ്ററിലാണ് ചീറ്റപ്പുലികളെ കുനോ നാഷണൽ പാർക്കിന് സമീപമുള്ള പാൽപൂരിലെത്തിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി ഇവയെ ഇന്ത്യന്‍ മണ്ണിലേക്ക് തുറന്നുവിട്ടു.
അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് ഇന്ത്യയിലെത്തിച്ചത്. രണ്ട് മുതല്‍ അഞ്ച് വരെ വയസുള്ളവയാണ് പെണ്‍ ചീറ്റകള്‍. ആണ്‍ ചീറ്റകള്‍ 4.5 മുതല്‍ 5.5 വരെ വയസുള്ളവയാണ്. ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്‍റെ കടുവയുടെ മുഖമുള്ള പ്രത്യേകം സജ്ജമാക്കിയ ബോയിങ് 747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലേക്ക് പറന്നിറങ്ങിയത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു ഇവയുടെ വിമാന യാത്ര. ഡോക്‌ടർമാരടക്കം വിദഗ്‌ധ സംഘവും കൂടെയുണ്ടായിരുന്നു.
വിദേശത്ത് നിന്നെത്തിച്ചതിനാല്‍ ക്വാറന്‍റൈൻ ഏരിയയിലാണ് ചീറ്റകളെ ആദ്യമായി തുറന്നുവിട്ടത്. മുപ്പത് ദിവസം ഈ പ്രത്യേക സംവിധാനത്തിൽ കഴിഞ്ഞ ശേഷം കൂനോയിലെ പുൽമേടുകളിലേക്ക് ഇവയെ സ്വൈര്യ വിഹാരത്തിനായി വിടും. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഭൂഖണ്ഡാനന്തര ചീറ്റ കൈമാറ്റ പദ്ധതിയുടെ ഭാഗമായാണ് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. അതേസമയം, പ്രധാനമന്ത്രിയുടെ ജന്മദിനമായ ഇന്ന് തന്നെ രാജ്യത്ത് ചീറ്റപ്പുലികളെ എത്തിക്കാനായി എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.