ബന്ദിപൂര്‍ (കര്‍ണാടക) :പുതിയ സെന്‍സസ് പ്രകാരം രാജ്യത്ത് നിലവില്‍ 3,167 കടുവകളാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിശോധനകള്‍ പ്രകാരം 2022ല്‍ രാജ്യത്ത് പ്രചാരത്തിലുള്ള കടുവകളുടെ എണ്ണം 3,167ആണെന്ന് കർണാടകയിലെ മൈസൂരിൽ നടന്ന പരിപാടിയില്‍ കടുവ സെൻസസ് റിപ്പോർട്ട് പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. അതേസമയം കടുവ സെന്‍സസ് പ്രകാരം രാജ്യത്തുണ്ടായിരുന്ന കടുവകള്‍ 2006 ല്‍ 1411 ഉം, 2010ല്‍ 1706 ഉം, 2014ല്‍ 2226 ഉം, 2018ല്‍ 2967 എണ്ണവുമായിരുന്നു.
പ്രൊജക്‌ട് ടൈഗര്‍ എന്ന പദ്ധതിയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഉദ്‌ഘാടന ചടങ്ങില്‍ കടുവയും സിംഹവും ഉൾപ്പടെയുള്ള ലോകത്തിലെ ഏഴ് ബിഗ് ക്യാറ്റുകളുടെ സംരക്ഷണത്തിലും പരിപാലനത്തിനുമായി 'ഇന്‍റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ്' എന്ന പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചടങ്ങില്‍ അടുത്ത 25 വർഷത്തില്‍ കടുവ സംരക്ഷണത്തിനായുള്ള കാഴ്‌ചപ്പാടുകള്‍ വ്യക്തമാക്കുന്ന 'അമൃത് കാൽ കാ ടൈഗർ വിഷൻ' എന്ന ലഘുലേഖയും അദ്ദേഹം പ്രകാശനം ചെയ്തു. 'പ്രൊജക്‌ട് ടൈഗർ' 50 വർഷം പൂർത്തിയാക്കിയതിന്‍റെ ഭാഗമായി അതിന്‍റെ സ്മരണിക നാണയ പ്രകാശനവും അദ്ദേഹം നടത്തി.
കൈയ്യടി നേടി 'മോദി സ്‌റ്റൈല്‍': അതേസമയം കര്‍ണാടക സന്ദര്‍ശനത്തിനിടെ വീതിയേറിയ തൊപ്പിയും ഒരു കൈയിൽ ജാക്കറ്റുമായി കാക്കി പാന്‍റും ധരിച്ച് 'പുത്തന്‍ ഗെറ്റപ്പില്‍' ബന്ദിപൂർ കടുവ സങ്കേതത്തിലെത്തിയ പ്രധാനമന്ത്രിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. തെലങ്കാനയിലേയും തമിഴ്‌നാട്ടിലേയും സന്ദര്‍ശനങ്ങള്‍ കഴിഞ്ഞുള്ള പ്രധാനമന്ത്രിയുടെ ദ്വിദിന ദക്ഷിണേന്ത്യന്‍ പര്യടനത്തിന്‍റെ രണ്ടാം ദിവസമായിരുന്നു കര്‍ണാടകയിലേത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പുത്തന്‍ ഗെറ്റപ്പില്‍ ബന്ദിപൂർ കടുവ സങ്കേതത്തിലെത്തിയ പ്രധാനമന്ത്രി, പ്രദേശത്തിന്‍റെ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രാദേശിക സന്നദ്ധ പ്രവർത്തകർ, ഫീൽഡ് സ്‌റ്റാഫ്, സ്വയം സഹായ സംഘങ്ങൾ (എസ്എച്ച്ജി) എന്നിവരുമായും സംവദിച്ചു. തുടര്‍ന്ന് മുതുമല കടുവ സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന തെപ്പക്കാട് ആന ക്യാമ്പും സന്ദര്‍ശിച്ചു. ഇവിടെ ആന പാപ്പാന്‍മാരുമായും മറ്റ് അധികൃതരുമായും അദ്ദേഹം ആശയവിനിമയം നടത്തി.
എന്തായിരുന്നു ആ ആഹ്വാനം : 2019 ജൂലൈയിലാണ് ഏഷ്യയിലെ വന്യജീവി വ്യാപാരവും വേട്ടയാടലും കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ ആഗോള നേതാക്കളുടെ ഒരു സഖ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്യുന്നത്. ഇതുപ്രകാരം കടുവ, സിംഹം, പുള്ളിപ്പുലി, സ്‌നോ ലെപ്പേര്‍ഡ്, പ്യൂമ, ജാഗ്വർ, ചീറ്റ എന്നിങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ഏഴ് പൂച്ച വര്‍ഗത്തിന്‍റെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ടായിരുന്നു ഈ ആഹ്വാനം.
പലാമുവിലെ 'കടുവകള്‍' :അതേസമയം കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ പലാമു കടുവ സങ്കേതത്തില്‍ മൂന്ന് കടുവകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സങ്കേതത്തില്‍ കണ്ടെത്തിയ ഇവയുടെ കാല്‍പ്പാടുകള്‍, കാഷ്‌ഠം, കടുവകളുടെ സാന്നിധ്യം തെളിയിക്കുന്ന വീഡിയോ ഫൂട്ടേജുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് മൂന്ന് കടുവകളുടെ സാന്നിധ്യം തീര്‍ച്ചയാക്കിയത്. തുടര്‍ന്ന് ഈ കണ്ടെത്തിയ കാല്‍പ്പാടുകളും, വിസര്‍ജ്യവും പരിശോധനയ്‌ക്കായി ഡെറാഡൂൺ വൈൽഡ് ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു.
ഇവിടുന്നുള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പലാമു സങ്കേതമുള്‍പ്പെടുന്ന പ്രദേശത്ത് മൂന്ന് കടുവകള്‍ ഉള്ളതായി സ്ഥിരീകരിച്ചത്. മാത്രമല്ല ഇതോടെ കടുവ സങ്കേതങ്ങളിലായുള്ള കടുവകളുടെ എണ്ണം കണ്ടെത്താനുള്ള സെന്‍സസില്‍ ഇവ കൂടി ഉള്‍പ്പെടുകയും ചെയ്യും. 2021 ഡിസംബര്‍ മുതല്‍ 2022 ജൂലൈ വരെ പലാമു കടുവ സങ്കേത പ്രദേശത്ത് കണ്ടെത്തിയ സാമ്പിളുകളുടെ അടിസ്ഥാനത്തിലായിരുന്നു എണ്ണം കണക്കാക്കിയിരുന്നത്. എന്നാല്‍ അടുത്തകാലത്ത് പലാമു റിസര്‍വ് മേഖലയിൽ എത്തിയ കടുവയെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.