ബെല്ലാരി (കര്‍ണാടക):തെരഞ്ഞെടുപ്പ് വേദിയില്‍ 'കേരള സ്‌റ്റോറി' പരാമര്‍ശിച്ചും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരള സ്‌റ്റോറി നിലവിലെ ചര്‍ച്ചാവിഷയമാണെന്നും കേരളത്തിലെ ഭീകര ഗൂഢാലോചനകൾ വെളിപ്പെടുത്തുന്നതാണ് ചിത്രമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റാലിയെ അഭിസംബോധന ചെയ്‌തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.
കോണ്‍ഗ്രസിനെ ഉന്നംവച്ച്:തീവ്രവാദത്തെക്കുറിച്ച് നിര്‍മിച്ച ചിത്രം കോണ്‍ഗ്രസ് എതിര്‍ക്കുകയാണ്. എന്നിട്ട് തീവ്രവാദ പ്രവണതകള്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്നു. വോട്ട് ബാങ്കിന് വേണ്ടി കോണ്‍ഗ്രസ് തീവ്രവാദത്തിന് കവചമൊരുക്കിയെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പണത്തിന്‍റെ പിന്‍ബലത്തില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചുകയറാന്‍ കോണ്‍ഗ്രസ് തെറ്റായ കഥകള്‍ പടച്ചുവിടുകയാണെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. എന്നാല്‍ കര്‍ണാടകയെ രാജ്യത്തില്‍ ഒന്നാമത്തെ സംസ്ഥാനമാക്കുന്നതിനായുള്ള മാര്‍ഗരേഖയാണ് ബിജെപി പ്രകടന പത്രികയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'തീവ്രവാദം' ഉയര്‍ത്തിക്കാണിച്ച്:അധികാരത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസ് തീവ്രവാദ സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി. അതുകൊണ്ടുതന്നെ നമ്മള്‍ അക്രമങ്ങള്‍ കൊണ്ട് പൊറുതിമുട്ടി. എന്നാല്‍ ഒരിക്കല്‍പോലും കോണ്‍ഗ്രസ്, രാജ്യത്തെ തീവ്രവാദത്തില്‍ നിന്നും സംരക്ഷിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വോട്ട് ബാങ്കിന് വേണ്ടി കോണ്‍ഗ്രസ് തീവ്രവാദത്തോട് പൊരുത്തപ്പെടുന്നത് കാണുമ്പോള്‍ താന്‍ ആശ്ചര്യപ്പെടുകയാണെന്നും നരേന്ദ്ര മോദി അറിയിച്ചു.
സുരക്ഷ സംവിധാനവും ക്രമസമാധാനവുമാണ് കര്‍ണാടകയെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കാന്‍ പ്രധാനമായും ആവശ്യമുള്ളത്. അതിനൊപ്പം തന്നെ പ്രധാനമാണ് കര്‍ണാടകയെ തീവ്രവാദത്തില്‍ നിന്ന് മുക്തമാക്കുന്നതും. തീവ്രവാദത്തോട് എന്നും കടുത്ത രീതിയിലാണ് ബിജെപി ഇടപെട്ടിട്ടുള്ളതെന്നും എന്നാല്‍ തീവ്രവാദത്തിനെതിരെ നടപടിയെടുക്കുമ്പോഴെല്ലാം കോണ്‍ഗ്രസിന് വയറുവേദന ഉണ്ടാവാറുണ്ടെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
വിമര്‍ശനം കടുപ്പിച്ച്:അതേസമയം ബജ്‌റംഗ്‌ദളിനെ നിരോധിക്കുമെന്നറിയിച്ചുള്ള കോണ്‍ഗ്രസ് പ്രകടന പത്രികയേയും പ്രധാനമന്ത്രി രൂക്ഷമായി കുറ്റപ്പെടുത്തി. തങ്ങള്‍ ലഭിക്കുന്ന ജനസ്വീകാര്യത കണ്ട് കോണ്‍ഗ്രസ് ഭയക്കുകയാണെന്നും, താന്‍ 'ജയ് ബജ്രംഗ്ബലി' എന്ന് പറഞ്ഞാൽ പോലും അവർ ഭയപ്പെടുമെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. ജയ് ബജ്‌റംഗബലി എന്ന് വിളിക്കുന്നവരെ പൂട്ടുമെന്നാണ് കോൺഗ്രസ് പറഞ്ഞിട്ടുള്ളതെന്നും മുൻപ് ഭഗവാൻ ശ്രീരാമനെ ആരാധിക്കുന്നവരുമായായിരുന്നു കോൺഗ്രസിന് പ്രശ്‌നമെന്നും മോദി കഴിഞ്ഞദിവസത്തെ തെരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞിരുന്നു.
സാധാരണക്കാർക്ക് കോൺഗ്രസിലുള്ള വിശ്വാസം നേരത്തെ നഷ്‌ടപ്പെട്ടതാണെന്നും പൊള്ളയായ വാഗ്‌ദാനങ്ങളുടെയും ഉറപ്പുകളുടെയും പുറത്താണ് കോൺഗ്രസ് നിലവില്‍ ഇരിക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് കോൺഗ്രസ് ഉറപ്പുനൽകിയെങ്കിലും അത് ചെയ്യുന്നതിൽ അവര്‍ പരാജയപ്പെട്ടുവെന്നും, മറുവശത്ത് കോൺഗ്രസ് നേതാക്കൾ കോടീശ്വരന്മാരും ശതകോടീശ്വരന്മാരുമായി മാറിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രകടന പത്രികയിലെന്ത്:വിശ്വഹിന്ദു പരിഷത്തിന്‍റെ യുവജന വിഭാഗമായ ബജറംഗ് ദളിനെ നിരോധിത ഇസ്‌ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി സാമ്യപ്പെടുത്തികൊണ്ടായിരുന്നു കോൺഗ്രസിന്‍റെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നത്. ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയ സമുദായങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സംഘടനകളെ നിരോധിക്കണമെന്നായിരുന്നു കോൺഗ്രസ് പ്രകടന പത്രികയില്‍ അറിയിച്ചത്. കർണാടകയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തുന്ന അതേ ദിവസങ്ങളിൽ നാല് ബിജെപി റാലികളെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്.