ന്യൂഡല്‍ഹി: 51 ദിവസം 3,200 കിലോ മീറ്ററിലധികം 27 നദീതടങ്ങളിലൂടെയൊരു യാത്ര. പ്രതിദിനം ഒരാള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നതാകട്ടെ ഏകദേശം 25,000 മുതല്‍ 50,000 രൂപയും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്‌ത എംവി ഗംഗാ വിലാസിലൂടെയുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്രയുടെ ചില സവിശേഷതകളാണിത്.
ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള 32 യാത്രക്കാരുമായണ് ഗംഗാ വിലാസ് ക്രൂയിസ് യാത്ര പുറപ്പെട്ടത്. കൊൽക്കത്ത, ബംഗ്ലാദേശ്, ഗുവാഹത്തി, എന്നിവിടങ്ങളിലൂടെ സഞ്ചിച്ച് ആഡംബര നൗക മാര്‍ച്ച് ഒന്നിന് അവസാന ലക്ഷ്യസ്ഥാനമായ ദിബ്രുഗഢില്‍ എത്തിച്ചേരും. ആഡംബരത്തിലേക്കും കലയിലേക്കും സംസ്‌കാരത്തിലേക്കും ചരിത്രത്തിലേക്കും സഞ്ചാരികളെ കൂട്ടിക്കൊണ്ട് പോകുക എന്ന ലക്ഷ്യവും യാത്രയ്‌ക്കുണ്ട്.
മൂന്ന് നിലകള്‍ 18 മുറികള്‍, അറിയാം ഗംഗാ വിലാസിനെ പറ്റി:എംവി ഗംഗാ വിലാസ് കപ്പലിന് 62 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണുള്ളത്. മൂന്ന് ഡക്കുകളിലായി 18 മുറികളും കപ്പലില്‍ സജ്ജമാണ്. ഇത് 36 സഞ്ചാരികളെ വഹിക്കാന്‍ ശേഷിയുള്ളതാണ്. കൂടാതെ, ക്രൂയിസിൽ ജിം, സ്‌പാ, സലൂൺ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. അനാവശ്യ ശബ്‌ദങ്ങള്‍ ഇല്ലാതാക്കുന്ന ഉപകരണങ്ങളും മലിനീകരണ രഹിത സംവിധാനങ്ങളും കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്.
51 ദിനം 50 കേന്ദ്രങ്ങള്‍: ആകെ 51 ദിവസം നീണ്ടു നില്‍ക്കുന്നതാണ് എംവി ഗംഗാ വിലാസിലൂടെയുള്ള യാത്ര. ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ 27 നദീതടങ്ങളിലൂടെയാണ് യാത്ര കടന്ന് പോകുന്നത്. ഇത്രയും ദിവസം കൊണ്ട് 3,200 കിലോമീറ്ററിലധികം ദൂരവും സഞ്ചരിക്കും.
യാത്രയില്‍ ലോക പൈതൃക കേന്ദ്രങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, നദി ഘട്ടുകള്‍, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, പട്‌ന, സാഹിബ്‌ഗഞ്ച്, കൊല്‍ക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങളിലും ഗംഗാ വിലാസിലെ യാത്രികര്‍ സന്ദര്‍ശനം നടത്തും. 51 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്രയില്‍ 50 സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ആഡംബര കപ്പല്‍ നങ്കൂരമിടുക.