സൂറത്ത് (ഗുജറാത്ത്) :ലോകമെമ്പാടും വജ്രവ്യാപാരത്തിന് പേരുകേട്ട സൂറത്ത് നഗരം വജ്രവ്യാപാരത്തിന്‍റെ ആഗോള ശക്തികേന്ദ്രമായി മാറുന്നു. രാജ്യം ഉറ്റുനോക്കുന്ന സൂറത്ത് ഡയമണ്ട് ബോഴ്‌സിന്‍റെ (എസ്‌ഡിബി) ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച നിർവഹിച്ചു (PM Narendra Modi inaugurates Surat Diamond Bourse). അന്താരാഷ്‌ട്ര വജ്ര, ആഭരണ വ്യാപാരത്തിന്‍റെ ലോകത്തിലെ തന്നെ ഏറ്റവും വലുതും ആധുനികവുമായ കേന്ദ്രമായാണ് സൂറത്ത് ഡയമണ്ട് ബോഴ്‌സ് കണക്കാക്കപ്പെടുന്നത്.
അമൂല്യ രത്‌നങ്ങളുടെ മേഖലയിലെ മികവിനുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമാണിതെന്ന് ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് സമുച്ചയമായ സൂറത്ത് ഡയമണ്ട് ബോഴ്‌സ് കോപ്ലക്‌സ് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിക്കുന്നതാണെന്നും മോദി ചൂണ്ടിക്കാട്ടി. തൊഴിലാളിയോ കരകൗശല വിദഗ്‌ധനോ ബിസിനസുകാരനോ ആരുമാകട്ടെ, സൂറത്ത് ഡയമണ്ട് ബോഴ്‌സ് എല്ലാവരുടെയും 'വൺ സ്റ്റോപ്പ് സെന്‍ററാ'യി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഇന്ത്യയുടെ ശക്തിയുടെയും നിശ്ചയദാർഢ്യത്തിന്‍റെയും പ്രതീകമായാണ് സൂററ്റ് ഡയമണ്ട് ബോഴ്‌സിനെ പ്രധാന മന്ത്രി വിശേഷിപ്പിച്ചത്. സൂറത്ത് നഗരത്തിലെ വജ്ര, ആഭരണ വ്യവസായത്തിൽ നിലവിലുള്ള 8 ലക്ഷം പേർക്ക് പുറമെ 1.5 ലക്ഷം തൊഴിലവസരങ്ങൾ കൂടി എസ്‌ഡിബി സൃഷ്‌ടിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സൂറത്തിൽ ഇപ്പോൾ ചേർക്കപ്പെട്ട വജ്രം ചെറുതല്ല, ലോകത്തിലെ ഏറ്റവും മികച്ചതാണ്.
ഇന്ത്യൻ ഡിസൈൻ, ഡിസൈനർമാർ, മെറ്റീരിയൽ എന്നിവയുടെ മേന്മയും വൈദഗ്‌ധ്യവുമാണ് എസ്‌ഡിബിയിൽ പ്രതിഫലിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇനി മുതൽ ലോകത്തെ വജ്ര വ്യാപാരമേഖലയെക്കുറിച്ച് ആളുകൾ സംസാരിക്കുമ്പോഴെല്ലാം സൂറത്തും ഇന്ത്യയും പരാമർശിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.