മുംബൈ : ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലമായ അടല്‍ സേതു ട്രാന്‍സ്‌ഹാര്‍ബര്‍ ലിങ്ക് തുറന്നു. മുംബൈയിലെ ശിവ്‌രിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്. അടല്‍ സേതു പാലം ഇന്ത്യയുടെ അഭിമാനമെന്ന് ഉദ്‌ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യം മാറും രാജ്യം ഉയിര്‍ത്തേഴുന്നേല്‍ക്കും എന്നായിരുന്നു തന്‍റെ വാഗ്‌ദാനമെന്നും അത് പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാലം ഉദ്‌ഘാടനം ചെയ്യുമ്പോള്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കി കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
ഉദ്‌ഘാടനത്തിന് ശേഷം പാലത്തിലൂടെ സഞ്ചരിച്ച പ്രധാനമന്ത്രി നവി മുംബൈയിലെത്തി. മഹാരാഷ്‌ട്ര ഗവർണർ രമേഷ് ബൈസ്, മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ, മഹാരാഷ്‌ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉദ്‌ഘാടനത്തിന് പിന്നാലെ എംഎംആര്‍ഡിഎ (Mumbai Metropolitan Region Development Authority) കമ്മിഷണര്‍ ഡോ. സഞ്ജയ് മുഖര്‍ജി പ്രധാനമന്ത്രിക്ക് ചരിത്ര പ്രസിദ്ധമായ പാലത്തെ കുറിച്ച് വിശദീകരണം നല്‍കി. ജപ്പാൻ ഇന്‍റര്‍നാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയാണ് പദ്ധതിക്ക് ധനസഹായം നല്‍കിയത്.
രണ്ടുപതിറ്റാണ്ട് കാത്തിരിപ്പുകള്‍ക്കൊടുവിലാണ് പാലം യാഥാര്‍ഥ്യമായത്. മുംബൈ നഗരത്തെ നവി മുംബൈയിലെ നവ്‌സേവയുമായി ബന്ധിപ്പിക്കുന്നതാണ് പാലം. 22 കിലോമീറ്റര്‍ ആറുവരിപ്പാതയാണ് അടല്‍ സേതുവിന്‍റെ നിര്‍മാണം. ഇതില്‍ 16.5 കിലോമീറ്റര്‍ കടലിന് കുറുകെയാണ് പാലം കടന്നുപോകുന്നത്. ഏകദേശം 17,840 കോടി രൂപ ചെലവിലാണ് പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.