മാണ്ഡ്യ (കര്‍ണാടക): ബെംഗളൂരു-മൈസൂര്‍ എക്‌സ്‌പ്രസ് വേയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കര്‍ണാടകയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാണ്ഡ്യയില്‍ മെഗാ റോഡ് ഷോ നടത്തി. റോഡ് ഷോയ്‌ക്കിടെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ബിജെപി പ്രവര്‍ത്തകരും മാണ്ഡ്യയിലെ ജനങ്ങളും പുഷ്‌പ വൃഷ്‌ടി നടത്തിയും മുദ്രാവാക്യം മുഴക്കിയും ആവേശം പങ്കുവച്ചു. വിവിധ പദ്ധതികളുടെ ശിലാസ്ഥാപനത്തിനും ബെംഗളൂരു-മൈസൂര്‍ എക്‌സ്‌പ്രസ് വേയുടെ ഉദ്‌ഘാടനത്തിനുമായി മാണ്ഡ്യ ജില്ലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
നൂറ് കണക്കിന് ആളുകള്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കാനായി പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന തെരുവുകളുടെ ഇരുവശങ്ങളിലും ആളുകൾ അണിനിരന്നു. പ്രധാനമന്ത്രി ജനങ്ങൾക്ക് നേരെ കൈവീശി അവരെ അഭിവാദ്യം ചെയ്‌തു. കര്‍ണാടകയിലെ സന്ദർശന വേളയിൽ 16,000 കോടി രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിർവഹിച്ചത്.
ബെംഗളൂരു-മൈസൂര്‍ എക്‌സ്‌പ്രസ് വേ: ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി മാണ്ഡ്യയിലെ പ്രധാന റോഡ് പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നടത്തി. ഉച്ച കഴിഞ്ഞ് 3.15 ന് ഹുബ്ബള്ളി-ധാർവാഡിൽ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ദേശീയ പാത 275-യില്‍ ബെംഗളൂരു-നിദാഘട്ട-മൈസൂർ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നതാണ് എക്‌പ്രസ് വേ. ഏകദേശം 8,480 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി പൂര്‍ത്തിയാക്കിയത്.
പ്രസ്‌തുതപാത ബെംഗളൂരുവിനും മൈസൂരിനും ഇടയിലുള്ള യാത്രാസമയം മൂന്ന് മണിക്കൂറിൽ നിന്ന് 75 മിനിറ്റാക്കി കുറയ്‌ക്കും. മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് മുതല്‍ക്കൂട്ടാകാന്‍ എക്‌പ്രസ് വേയ്‌ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.
മൈസൂര്‍-കുശാൽനഗർ ഹൈവേ :മൈസൂര്‍-കുശാൽനഗർ നാലുവരി ഹൈവേയുടെ തറക്കല്ലിടലും പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. 92 കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതി ഏകദേശം 4,130 കോടി രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്. ബെംഗളൂരുവുമായി കുശാൽനഗറിനെ കൂടുതല്‍ ബന്ധിപ്പിക്കുന്നതിന് പദ്ധതി ഒരു പ്രധാന പങ്ക് വഹിക്കും. കൂടാതെ യാത്രാസമയം ഏകദേശം പകുതിയായി കുറയ്‌ക്കും. നിലവില്‍ കുശാല്‍ നഗറില്‍ നിന്ന് ബെംഗളൂരുവില്‍ എത്താന്‍ അഞ്ച് മണിക്കൂര്‍ സമയമാണ് വേണ്ടത്.