സെൻട്രൽ ബെംഗളൂരുവിൽ നരേന്ദ്ര മോദിയുടെ റോഡ് ഷോ ബെംഗളൂരു:മെയ് 10ന് കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രചാരണത്തിന്‍റെ ഭാഗമായി ഞായറാഴ്‌ച രാവിലെ ബെംഗളൂരുവിൽ എട്ട് കിലോമീറ്റർ റോഡ് ഷോയാണ് പ്രധാനമന്ത്രി നടത്തിയത്.
ന്യൂ തിപ്പസാന്ദ്ര റോഡിലെ കെംപെഗൗഡ പ്രതിമ മുതൽ ട്രിനിറ്റി സർക്കിൾ വരെയുള്ള റോഡ് ഷോ രാവിലെ 10 മുതൽ 11.30 വരെ നീണ്ടു നിന്നു. കെംപഗൗഡയുടെ (ബെംഗളൂരുവിന്‍റെ സ്ഥാപകൻ) പ്രതിമയിൽ മോദി പുഷ്‌പാർച്ചന അർപ്പിച്ച് ആരംഭിച്ച റോഡ്ഷോ സെൻട്രൽ ബെംഗളൂരുവിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ കൂടിയാണ് കടന്ന് പോയത്.
പ്രത്യേകം രൂപകൽപന ചെയ്‌ത വാഹനത്തിൽ നടത്തിയ റോഡ് ഷോയിൽ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, ബെംഗളൂരു സെൻട്രൽ എംപി പി സി മോഹൻ എന്നിവരും പ്രധാനമന്ത്രിയെ അനുഗമിച്ചു. റോഡ് ഷോ സുഗമമായി നടപ്പിലാക്കാൻ റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. റോഡ് ഷോ കാണാൻ ആയിരക്കണക്കിനാളുകളാണ് റോഡിന് ഇരുവശവും തടിച്ചുകൂടിയത്.
റോഡിനിരുവശവും ബിജെപി കൊടികൾ സ്ഥാപിക്കുകയും കാവി ഷാളുകളും തൊപ്പികളും ധരിച്ച ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും അക്ഷരാർഥത്തിൽ സെൻട്രൽ ബെംഗളൂരു കാവി നിറങ്ങളാൽ മൂടി. ബെംഗളൂരു റോഡ് ഷോയ്ക്ക് ശേഷം മൈസൂരു ജില്ലയിലെ ശിവമോഗയിലും നഞ്ചൻഗുഡിലും നടക്കുന്ന സമ്മേളനങ്ങളിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും. തുടർന്ന് നഞ്ചൻകോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തും.
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) കണക്കിലെടുത്ത് ബെംഗളൂരുവിലെ മോദിയുടെ രണ്ട് ദിവസത്തെ റോഡ് ഷോയുടെ സമയം സംഘാടകർ പുനക്രമീകരിച്ചിരുന്നു. നാളെ (മെയ് എട്ട്) യാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിനുള്ള അവസാന ദിവസം. മെയ് 13ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.