ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തെ സേവിക്കാനും അധഃസ്ഥിത വിഭാഗത്തെ ശാക്തീകരിക്കാനും ഈസ്റ്റര്‍ ആളുകളെ പ്രചേദിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസയില്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ ഈസ്റ്റര്‍ ആശംസ.
'ഈസ്റ്റർ ആശംസകൾ! ഈ പ്രത്യേക സന്ദർഭം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്‍റെ ആത്മാവിനെ ആഴത്തിലാക്കട്ടെ. സമൂഹത്തെ സേവിക്കാനും അധഃസ്ഥിതരെ ശാക്തീകരിക്കാനും ഇത് ആളുകളെ പ്രചോദിപ്പിക്കട്ടെ. ഈ ദിവസം കർത്താവായ ക്രിസ്‌തുവിന്‍റെ ഭക്തിനിർഭരമായ ചിന്തകളെ ഓർക്കുന്നു' -പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍:അര്‍ധ രാത്രി മുതല്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ക്രിസ്‌തീയ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ദിന പ്രത്യേക പ്രാര്‍ഥനകള്‍ ആരംഭിച്ചു. അലങ്കരിച്ച ദേവാലയങ്ങളില്‍ പ്രാര്‍ഥനകള്‍ക്കായി വിശ്വാസികള്‍ ഒത്തുകൂടി. കേരളത്തിലെ ക്രിസ്‌തീയ ദേവാലയങ്ങളിലും പാതിര കുര്‍ബാന അടക്കമുള്ള പ്രാര്‍ഥനകള്‍ നടന്നു.
കൊച്ചിയിലെ സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്‍റ് തോമസില്‍ വിശ്വാസികള്‍ ഒത്തുകൂടി. പാതിര കുര്‍ബാനയ്‌ക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കി. മനുഷ്യ രാശിക്ക് വേണ്ടി യേശു ദേവന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്ന് വിശ്വാസികളെ അഭിസംബോധന ചെയ്‌ത് ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
'മനുഷ്യരാശിക്ക് വേണ്ടി മിശിഹ ഉയിർത്തെഴുന്നേറ്റു, മിശിഹയുടെ ഉയിർപ്പ് മനുഷ്യരാശിയുടെ വിജയമാണ്. കർത്താവിന്‍റെ ശുശ്രൂഷ ജീവൻ നൽകുന്ന ശുശ്രൂഷയാണ്, അതാണ് നാം തുടരേണ്ടത്' -ആലഞ്ചേരി പറഞ്ഞു. 'മിശിഹയ്‌ക്കൊപ്പം വരുന്നത് ദൈവത്തിന്‍റെ വരദാനം കൂടിയാണ്. വിശ്വാസികള്‍ മഹിമയെ കുറിച്ച് ചിന്തിക്കണം. ലക്ഷ്യത്തെയും ജീവിതത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു സംസ്‌കാരം വളർത്തിയെടുക്കാൻ നമുക്ക് കഴിയണം. സഭയിലും കുടുംബത്തിലും ലോകത്തിലും സമാധാനം ഉണ്ടാകട്ടെ' -അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിലും ഈസ്റ്റർ പ്രാർഥനകൾ നടന്നു. കത്തീഡ്രൽ ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. വിവിധ നിറത്തിലുള്ള ലൈറ്റുകള്‍ക്കിടയില്‍ കത്തീഡ്രലിലെ തിരുരൂപം തിളങ്ങി. കത്തീഡ്രലില്‍ എത്തിയ വിശ്വാസികള്‍ മെഴുകുതിരി കത്തിച്ച് ഈസ്റ്റര്‍ ദിന പ്രത്യേക പ്രാര്‍ഥനകളില്‍ പങ്കാളികളായി.
ആന്ധ്രാപ്രദേശിലെ വിജയവാഡയിലും മറ്റിടങ്ങളിലെ ദേവാലയങ്ങളിലും ഈസ്റ്റര്‍ ആഘോഷവും പ്രത്യേക ശുശ്രൂഷകളും നടന്നു. വിശ്വാസികൾ പള്ളിയ്ക്ക് അകത്ത് മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചു.
ഈസ്റ്റര്‍ മെഴുകുതിരിയും ഈസ്റ്റര്‍ മുട്ടയും: ഈസ്റ്റര്‍ പ്രാര്‍ഥനകളിലും ആഘോഷങ്ങളിലും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മെഴുകുതിരി. ഈസ്റ്റര്‍ മെഴുകുതിരി എന്നൊരു പ്രത്യേക വിഭാഗം തന്നെ ആഘോഷങ്ങള്‍ക്കായി ഒരുക്കാറുണ്ട്. ഗോവയിലെ ഒരു പള്ളിയിൽ നിന്നുള്ള വൈദികന്‍ ഫാദർ വാൾട്ടർ ഡി സാ ഈസ്റ്റർ ദിന പ്രാര്‍ഥനകളില്‍ മെഴുകുതിരിയുടെ പ്രാധാന്യം വിശദീകരിച്ചു.
'യേശു ക്രിസ്‌തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് നാം ഈസ്റ്റര്‍ ആയി ആഘോഷിക്കുന്നത്. രാത്രിയിലും ആഘോഷിക്കുന്ന പരിപാടിയാണിത്. ഈസ്റ്ററിലെ ഈ പുതിയ വെളിച്ചം (തീ), അത് നമ്മുടെ ശുദ്ധീകരണത്തെയും ജീവിതത്തിന്‍റെ പുതുമയെയും പ്രതിനിധാനം ചെയ്യുന്നു. ഈ തീ ഉപയോഗിച്ച് ഈസ്റ്റര്‍ മെഴുകു തിരികള്‍ കത്തിക്കുന്നു. 'ഞാന്‍ ഈ ലോകത്തിന്‍റെ വെളിച്ചമാണ്' എന്ന് കര്‍ത്താവ് പറഞ്ഞതിന്‍റെ പ്രതീകമായിട്ടാണ് മെഴുകുതിരി കത്തിക്കുന്നത്' -ഫാദർ വാൾട്ടർ ഡി സാ പറഞ്ഞു.
മെഴുകു തിരിക്ക് മുറമെ ഈസ്റ്ററുമായി ബന്ധപ്പെട്ട് മറ്റ് ചില പ്രതീകങ്ങളും ഉണ്ട്. വിവിധ നിറം നല്‍കി മനോഹരമാക്കുന്ന ഈസ്റ്റര്‍ മുട്ടകള്‍ (Easter Eggs) ഇവയില്‍ പ്രധാനമാണ്. പുനര്‍ജന്മവും പുതിയ ജീവിതവുമാണ് ഈസ്റ്റര്‍ മുട്ടകള്‍ പ്രതിനിധാനം ചെയ്യുന്നത്. യേശു ക്രിസ്‌തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഈസ്റ്റര്‍ ആയി ആഘോഷിക്കുന്നത്. വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ പ്രകാരം ക്രൂശിക്കപ്പെട്ടതിന്‍റെ മൂന്നാം നാള്‍ ക്രിസ്‌തു ഉയിര്‍ത്തെഴുന്നേറ്റു എന്നാണ് വിശ്വാസം.