ലെപ്‌ച : സുരക്ഷ സൈനികരുള്ള സ്ഥലങ്ങൾ ക്ഷേത്രങ്ങൾക്ക് സമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽ പ്രദേശിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച ശേഷം സൈനികരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം (Narendra Modi Celebrated Diwali With Soldiers). ലോകത്തിന്‍റെ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള പ്രതീക്ഷകള്‍ വർധിച്ചുവരികയാണ്. ഇത്തരമൊരു സമയത്ത് ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
രാജ്യത്തിന്‍റെ സമാധാന അന്തരീക്ഷത്തിൽ സൈനികർക്ക് വലിയ പങ്കുണ്ട്. അതിർത്തിയിൽ നിൽക്കുന്ന ധീരരായ സൈനികർ കാരണമാണ് ഇന്ത്യ സംരക്ഷിക്കപ്പെടുന്നത്. പലപ്പോഴായി നിരവധി യുദ്ധങ്ങളിലൂടെ സൈനികർ രാജ്യത്തിന്‍റെ ഹൃദയം കീഴടക്കി. വെല്ലുവിളികളെ അഭിമുഖീകരിച്ച് വിജയം നേടി. ഉത്സവ സമയത്ത് പോലും കുടുംബവുമായി അകന്ന് അതിർത്തികളിൽ വിന്യസിച്ചിരിക്കുന്നത് പ്രതിബദ്ധതയുടെ ഉദാഹരണമാണെന്നും രാജ്യം സൈനികരോട് കടപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു.
കഴിഞ്ഞ 30-35 വർക്കാലമായി താൻ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നുവെന്നും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ അല്ലാത്തപ്പോൾ പോലും അത് പിന്തുടർന്നിരുന്നെന്നും മോദി കൂട്ടിച്ചേർത്തു. അതിർത്തിയിലെ ശക്തമായ മതിൽ സൈനികരാണെന്ന് എപ്പോഴും തെളിയിച്ചിട്ടുണ്ട്. സമീപ വർഷങ്ങളിൽ 500 ലേറെ വനിത ഉദ്യോഗസ്ഥർക്ക് കരസേനയിൽ നിയമനം ലഭിച്ചു. ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ ഒഴിപ്പിക്കലുകളിലും മറ്റ് പ്രകൃതി ദുരന്തങ്ങളിലും സായുധ സേന വഹിച്ച പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു.