ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വഹിന്ദു പരിഷത്തിന്‍റെ യുവജന സംഘടനയായ ബജറംഗ് ദൾ നിരോധിക്കണമെന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പരാമർശമാണ് ചർച്ചയ്‌ക്ക് ഇടയാക്കിയത്. കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ വിമർശനം.
ജയ് ബജ്‌റംഗബലി എന്ന് വിളിക്കുന്നവരെ പൂട്ടുമെന്നാണ് കോൺഗ്രസ് പറഞ്ഞിട്ടുള്ളതെന്നും മുൻപ് ഭഗവാൻ ശ്രീരാമനെ ആരാധിക്കുന്നവരുമായായിരുന്നു കോൺഗ്രസിന് പ്രശ്‌നമെന്നും മോദി പറഞ്ഞു. കർണാടകയില്‍ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ആയിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ബജറംഗ് ദളിനെ വർഗീയ ശക്തിയായി വിശേഷിപ്പിച്ച് നിരോധിക്കണമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ ആവശ്യപ്പെട്ടിരുന്നു.
വിശ്വഹിന്ദു പരിഷത്തിന്‍റെ യുവജന വിഭാഗമായ ബജറംഗ് ദളിനെ നിരോധിത ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി സാമ്യപ്പെടുത്തികൊണ്ടായിരുന്നു കോൺഗ്രസിന്‍റെ പ്രകടന പത്രിക പുറത്തിറക്കിയത്. ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയ സമുദായങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സംഘടനകളെ നിരോധിക്കണമെന്നാണ് കോൺഗ്രസ് പരാമർശം. അതേസമയം സാധാരണക്കാർക്ക് കോൺഗ്രസിലുള്ള വിശ്വാസം നേരത്തെ നഷ്‌ടപ്പെട്ടതാണെന്നും പൊള്ളയായ വാഗ്‌ദാനങ്ങളുടെയും ഉറപ്പുകളുടെയും പുറത്താണ് കോൺഗ്രസ് ഇരിക്കുന്നതെന്നും മോദി പറഞ്ഞു.
രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് കോൺഗ്രസ് ഉറപ്പുനൽകിയെങ്കിലും അത് ചെയ്യുന്നതിൽ പരാജയപ്പെട്ടു. മറുവശത്ത് കോൺഗ്രസ് നേതാക്കൾ കോടീശ്വരന്മാരും ശതകോടീശ്വരന്മാരുമായി മാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തുന്ന അതേ ദിവസങ്ങളിൽ നാല് ബിജെപി റാലികളെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക.