ന്യൂഡൽഹി : ഏറെ വൈകാരികതയോടെയാണ് പഴയ പാർലമെന്‍റ് മന്ദിരത്തോട് യാത്ര പറഞ്ഞ് പുതിയതിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi's Speech At special parliament Session). അഞ്ച് ദിവസം നീളുന്ന പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിന്‍റെ തുടക്കത്തില്‍ (Parliament special session) ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതിയ പാർലമെന്‍റിലേക്ക് മാറിയാലും പഴയ മന്ദിരം തലമുറകളെ പ്രചോദിപ്പിക്കും.
ഈ കെട്ടിടം നിർമിക്കാനുള്ള തീരുമാനമെടുത്തത് വിദേശ ഭരണാധികാരികളാണെന്നത് ശരിയാണ്. എങ്കിലും ഇത് അങ്ങനെ മറക്കാൻ കഴിയില്ല. കാരണം, ഇതിന്‍റെ നിർമാണത്തിൽ എന്‍റെ രാജ്യത്തെ ജനങ്ങളുടെ അധ്വാനമുണ്ട്' - മോദി പറഞ്ഞു.
'പഴയ പാർലമെന്‍റ് മന്ദിരം തലമുറകളെ പ്രചോദിപ്പിക്കും' (PM Modi Speech lok sabha) : ഈ പാർലമെന്‍റ് മന്ദിരത്തിൽ പ്രതിധ്വനിച്ച പണ്ഡിറ്റ് നെഹ്റുവിന്‍റെ 'ഈ അർധരാത്രിയിൽ...' എന്ന് തുടങ്ങുന്ന പ്രസംഗം നമ്മെ എക്കാലവും പ്രചോദിപ്പിക്കും. ജവഹർലാൽ നെഹ്‌റു മുതൽ ലാൽ ബഹദൂർ ശാസ്‌ത്രി, അടൽ ബിഹാരി വാജ്‌പേയ് എന്നിങ്ങനെ ഇന്ത്യയെ കുറിച്ചുള്ള കാഴ്‌ചപ്പാട് അവതരിപ്പിക്കുന്ന നിരവധി നേതാക്കളെ ഈ പാർലമെന്‍റ് കണ്ടിട്ടുണ്ടെന്നും മോദി ലോക്‌സഭയിൽ പറഞ്ഞു.
'7,500-ലധികം അംഗങ്ങൾ ഇരുസഭകളിലും ഇതുവരെ ഉണ്ടായിട്ടുണ്ട്. ഇതിൽ ഏകദേശം 600 വനിത എംപിമാർ ഇരുസഭകളുടെയും അന്തസ്സ് ഉയർത്തിയിട്ടുമുണ്ട്. 2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കൽ, ജിഎസ്‌ടി,വൺ റാങ്ക് വൺ പെൻഷൻ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് (ഇഡബ്ല്യുഎസ്) 10% സംവരണം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഈ പാർലമെന്‍റ് സാക്ഷ്യം വഹിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ കാലത്തെ വോട്ടിന് കോഴ ഇടപാടിനടക്കം ഈ പാര്‍ലമെന്‍റ് വേദിയായി. വെറും നാല് എംപിമാരുള്ള പാർട്ടി അധികാരത്തിൽ ഇരുന്നതിനും നൂറിലധികം എംപിമാരുള്ള പാർട്ടി പ്രതിപക്ഷത്തിരുന്നതിനും ഇതേ പാർലമെന്‍റ് തന്നെ വേദിയായി' - പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.