ന്യൂഡൽഹി: അധികാരത്തിൽ വന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി തുടർച്ചയായി വർധിച്ചുവരുന്നെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ ഡാറ്റാ ഇന്‍റലിജൻസ് സ്ഥാപനമായ മോണിങ് കൺസൾട്ട് ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ് ട്രാക്കർ (Morning Consult Global Leader Approval Rating Tracker) പ്രകാരം ഈ വർഷവും ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുടങ്ങി ലോകത്തെ പല മുൻനിര നേതാക്കളെയും പിന്നിലാക്കിയാണ് ഇന്ത്യൻ പ്രധാനമന്ത്രി ഒന്നാം സ്ഥാനം നിലനിർത്തുന്നത്.
കഴിഞ്ഞ വർഷവും ഈ പട്ടികയിൽ മോദി ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. ഗ്ലോബൽ ലീഡർ ട്രാക്കറിൽ ഏറ്റവും ഉയർന്ന 70 ശതമാനം എന്ന റേറ്റിങ്ങാണ് അദ്ദേഹം നേടിയത്. മെക്‌സിക്കോ പ്രസിഡന്‍റ് ലോപ്പസ് ഒബ്രഡോർ (66%) രണ്ടാം സ്ഥാനത്തും ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി (58%) മൂന്നാം സ്ഥാനത്തുമാണ്.
ALSO READ:'ഞങ്ങൾക്ക് സംഭവിച്ചത് വാക്കുകളാൽ വിവരിക്കാൻ കഴിയില്ല'; വൈകാരികമായി നവാബ് മാലിക്കിന്‍റെ മകൾ
അതേസമയം യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ (44%) ആറാം സ്ഥാനത്തും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (43%) ഏഴാം സ്ഥാനത്തുമുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ പട്ടികയിൽ പത്താം സ്ഥാനത്താണ്.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയലാണ് ഈ വിവരം 'കു ആപ്പി'ലൂടെ വെളിപ്പെടുത്തിയത്. മോണിങ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്‍റലിജൻസ് നടത്തിയ സർവേ പ്രകാരമാണ് റേറ്റിങ് പുറത്ത് വന്നിരിക്കുന്നത്. എല്ലാ വർഷവും 13 ലോകനേതാക്കളെ മോണിങ് കൺസൾട്ട് റേറ്റുചെയ്യുന്നു. ഇന്ത്യ, ഓസ്ട്രേലിയ, ബ്രസീൽ, യുഎസ്എ, യുകെ, ജപ്പാൻ, ഇറ്റലി, മെക്സിക്കോ, സ്പെയിൻ, ജർമനി, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യതലവന്മാർ ഇതിൽ ഉൾപ്പെടുന്നു.
ഓരോ രാജ്യത്തെയും മുതിർന്ന പൗരർക്കിടയിൽ നടത്തുന്ന സർവേ പ്രകാരമാണ് റേറ്റിങ് റിപ്പോർട്ട്. ഇതിനായി മോണിങ് കൺസൾട്ട് ഇന്ത്യയിൽ ഓൺലൈനായി 2,126 പേരെ അഭിമുഖം നടത്തി. ഇത്തരത്തിൽ ഇന്ത്യക്ക് ഉൾപ്പെടെ ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, മെക്സിക്കോ, ദക്ഷിണ കൊറിയ, സ്പെയിൻ, യുകെ, യുഎസ് എന്നിവിടങ്ങളിൽ നടത്തിയ സർവേ പ്രകാരമുള്ള റേറ്റിങ് റിപ്പോർട്ട് ചുവടെ ചേർക്കുന്നു:
- നരേന്ദ്ര മോദി: 70%
- ലോപ്പസ് ഒബ്രഡോർ: 66%
- മരിയോ ഡ്രാഗി: 58%
- ആഞ്ചെല മെർക്കൽ: 54%
- സ്കോട്ട് മോറിസൺ: 47%
- ജോ ബൈഡൻ: 44%
- ജസ്റ്റിൻ ട്രൂഡോ: 43%
- ഫുമിയോ കിഷിദ: 42%
- മൂൺ ജെ-ഇൻ: 41%
- ബോറിസ് ജോൺസൺ: 40%
- പെഡ്രോ സാഞ്ചസ്: 37%
- ഇമ്മാനുവൽ മാക്രോൺ: 36%
- ജെയർ ബോൽസൊനാരോ: 35%