ന്യൂഡല്‍ഹി: പുരാതനവും ചരിത്രപരവുമായ 'ചെങ്കോല്‍' പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുമെന്നറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ്‌നാട്ടിലെ തിരുവാവടുതുറൈ ശൈവ മഠത്തില്‍ നിന്നുമുള്ള ചെങ്കോല്‍ പ്രധാനമന്ത്രി സ്വീകരിക്കുമെന്നും പുതുതായി ഉദ്‌ഘാടനം ചെയ്യുന്ന പാര്‍ലമെന്‍റ് മന്ദിരത്തില്‍ അത് സ്ഥാപിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഈ വിശുദ്ധ ചെങ്കോല്‍ ഒരു മ്യൂസിയത്തിൽ സൂക്ഷിക്കുന്നത് അനുചിതമാണെന്നും ചെങ്കോല്‍ സൂക്ഷിക്കാന്‍ പാർലമെന്‍റ് മന്ദിരത്തേക്കാൾ യോജിച്ചതും പവിത്രവും ഉചിതമായതുമായ മറ്റൊരു സ്ഥലമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇനി അഭിമാനത്തിന്‍റെ 'ചെങ്കോല്‍':പാർലമെന്‍റ് മന്ദിരം രാഷ്‌ട്രത്തിന് സമർപ്പിക്കുന്ന ദിവസം നമ്മുടെ പ്രധാനമന്ത്രി തമിഴ്‌നാട് അധീനത്തിലുള്ള ചെങ്കോല്‍ വളരെ വിനയത്തോട് കൂടി സ്വീകരിക്കും. നീതിയും നിഷ്‌പക്ഷവുമായ ഭരണം നൽകുമെന്നാണ് ചെങ്കോലുകൊണ്ട് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ദിയുടെ സമയത്ത് ഈ മഹത്തായ 'ചെങ്കോല്‍' ലഭിച്ചത് ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഈ ചെങ്കോലിന് ഇന്ത്യയുടെ ചരിത്രത്തിൽ വളരെ പ്രാധാന്യമുണ്ടെന്നറിയിച്ച അദ്ദേഹം, ചരിത്രത്തിലേക്കും കടന്നു.
Also Read: പാര്‍ലമെന്‍റ് മന്ദിരം ഉദ്‌ഘാടനം; 'രാഷ്‌ട്രപതിയില്ലെങ്കില്‍ ഞങ്ങളുമില്ല', ബഹിഷ്‌കരണ പ്രഖ്യാപനവുമായി പ്രതിപക്ഷം
'ചെങ്കോല്‍' ചരിത്രത്താളുകളില്‍:1947 ഓഗസ്‌റ്റ് 14 ന് രാത്രി 10.45 ന് തിരുവാവടുതുറൈ ശൈവ മഠം മുഖേനയാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഈ ചെങ്കോല്‍ സ്വീകരിക്കുന്നത്. ബ്രിട്ടീഷുകാരിൽ നിന്നും നമ്മുടെ രാജ്യത്തെ ജനങ്ങളിലേക്കുള്ള അധികാര കൈമാറ്റത്തിന്‍റെ അടയാളം കൂടിയായിരുന്നു ഇത്. ഇതിന് പിന്നിൽ കാലങ്ങളായി ബന്ധപ്പെട്ടിരിക്കുന്ന പാരമ്പര്യമുണ്ടെന്നും നമ്മുടെ ചരിത്രത്തിൽ ചെങ്കോല്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അമിത് ഷാ അറിയിച്ചു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി മോദിക്ക് വിവരം ലഭിച്ചതോടെ വിശദമായ അന്വേഷണം നടത്തിയെന്നും, അങ്ങിനെയാണ് അത് രാജ്യത്തിന് മുന്നിൽ വയ്‌ക്കണമെന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ദിവസം തന്നെ തെരഞ്ഞെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാദങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കും മറുപടി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കും പ്രതികരിക്കാന്‍ അദ്ദേഹം മറന്നില്ല. പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ദീർഘവീക്ഷണ'ത്തിന്‍റെയും രാജ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാടിന്‍റെയും ഉദാഹരണമാണ്. ഈ വിഷയത്തെ നമ്മൾ രാഷ്‌ട്രീയവത്കരിക്കരുതെന്നും ആളുകൾ എങ്ങനെ വേണമെങ്കിലും ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യട്ടെയെന്നും അമിത് ഷാ പറഞ്ഞു. മെയ് 28 ന് മഹത്തായ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നും ഈ വേളയില്‍ മന്ദിര നിര്‍മാണത്തിന്‍റെ ഭാഗമായ 60,000 തൊഴിലാളികളെ അദ്ദേഹം ആദരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
അതേസമയം പുതിയ പാർലമെന്‍റ് മന്ദിരം ഉദ്‌ഘാടനം ചെയ്യാനിരിക്കെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്‌ട്രപതിയാണെന്നും അല്ലാതെ പ്രധാനമന്ത്രിയല്ലെന്നുമായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. മാത്രമല്ല ഹിന്ദുത്വ സൈദ്ധാന്തികനും ഹിന്ദു മഹാസഭ പ്രമുഖനുമായിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജന്മദിനമാണ് മെയ് 28. ഈ ദിവസം തന്നെ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിശ്ചയിച്ചതിനെതിരെ നിരവധി പ്രതിപക്ഷ പാർട്ടികളും സർക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ചിരുന്നു.
Also Read:'പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്‌ട്രപതി'; കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി