അഹമ്മദാബാദ്:നാസയോട് കിടപിടിക്കുന്ന രീതിയിലുള്ള ഐഎസ്ആര്‍ഒയുടെ ഇന്‍-സ്‌പേസിന്‍റെ (IN-SPACE ) ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലെ ബോപ്പലിലാണ് ഇന്‍-സ്‌പേസിന്‍റെ ആസ്ഥാനം. ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്‍റര്‍ എന്നാണ് ഇന്‍-സ്‌പേസിന്‍റെ പൂര്‍ണ നാമം.
ബഹിരാകാശ പര്യവേക്ഷണ രംഗത്ത് സ്വകാര്യ മേഖലയേയും സര്‍ക്കാര്‍ മേഖലയേയും കൂട്ടിയോജിപ്പിക്കുക എന്നതാണ് ഇന്‍-സ്‌പേസിന്‍റെ ലക്ഷ്യം. ആത്മനിർഭർ ഭാരതിന്‍റെ ഏറ്റവും വലിയ അംഗീകാരമാണ് ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഇന്‍ സ്‌പേസ് എന്ന് ഉദ്‌ഘാടനവേളയിൽ പ്രധാനമന്ത്രി വിശേഷിപ്പിച്ചു. 60ലധികം സ്വകാര്യ കമ്പനികൾ വിപുലമായ തയാറെടുപ്പുകളോടെ രാജ്യത്തെ ബഹിരാകാശ മേഖലകളിൽ മുന്നിട്ട് നിൽക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ബഹിരാകാശ മേഖലയിൽ ഈ സുപ്രധാന മാറ്റം കൊണ്ടുവന്നതിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തെ (ഐഎസ്ആർഒ) മോദി പ്രശംസിച്ചു.
ബഹിരാകാശ സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ഇൻ-സ്‌പേസ് തുടർച്ചയായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ബഹിരാകാശ വ്യവസായത്തിൽ ഇന്ത്യയുടെ പങ്ക് വർധിപ്പിക്കേണ്ടതുണ്ട്. അതിൽ സ്വകാര്യമേഖല വലിയ പങ്കുവഹിക്കും. ബഹിരാകാശ വിനോദസഞ്ചാരം, ബഹിരാകാശ നയതന്ത്രം എന്നീ മേഖലകളിലും ഇന്ത്യ കഴിവ് തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.