ന്യൂഡല്‍ഹി : പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ശ്രദ്ധാകേന്ദ്രമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റീസൈക്കിള്‍ ചെയ്‌ത പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് നിര്‍മിച്ച ജാക്കറ്റ് ധരിച്ചാണ് നരേന്ദ്രമോദി ഇന്ന് പാര്‍ലമെന്‍റില്‍ എത്തിയത്. സുസ്ഥിരതയുടെ സന്ദേശം നല്‍കാനാണ് നരേന്ദ്ര മോദി ആകാശനീല നിറത്തിലുള്ള ബന്ദ്ഗാല ജാക്കറ്റ് ധരിച്ച് പാര്‍ലമെന്‍റിലെത്തിയത്.
ഇന്ത്യൻ ഓയിലിന്‍റെ 'അൺ ബോട്ടിൽഡ്' സംരംഭത്തിന് കീഴിൽ, ബെംഗളൂരുവിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ എനർജി വീക്ക് 2023 ന്‍റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് നിർമിച്ച യൂണിഫോമുകള്‍ തിങ്കളാഴ്‌ച പ്രധാനമന്ത്രി പുറത്തിറക്കി. പ്ലാസ്റ്റിക് കുപ്പികൾ യൂണിഫോമുകളിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന സംരംഭങ്ങൾ 'മിഷൻ ലൈഫി'നെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിത വളർച്ചയ്ക്കും ഊർജ പരിവർത്തനത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ ഈ വലിയ ശ്രമങ്ങൾ നമ്മുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ചടങ്ങില്‍ വ്യക്തമാക്കി.