ന്യൂഡല്‍ഹി:അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിനോട് (Ram Mandir Consecration) അനുബന്ധിച്ച് വിശേഷ വ്രതം അനുഷ്‌ഠിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ 11 ദിവസത്തെ പ്രത്യേക വ്രതം ഇന്ന് മുതലാണ് ആരംഭിക്കുന്നത് (PM Modi 11 Days Religious Exercise). സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
അയോധ്യയിലെ പ്രതിഷ്‌ഠ ചടങ്ങിന് ഇനി 11 ദിവസമാണ് ശേഷിക്കുന്നത്. ഈ ശുഭമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ സാധിക്കുന്നത് ഭാഗ്യമാണ്. ജനങ്ങളെ പ്രതിനിധീകരിക്കുക എന്ന ചുമതലയാണ് ഈ ചടങ്ങില്‍ എനിക്കുള്ളത്.
ഇത് മുന്നില്‍കണ്ടാണ് ഇന്ന് മുതല്‍ വ്രതം അനുഷ്‌ഠിക്കുന്നത്. ഇതിനായി എല്ലാവരുടെയും അനുഗ്രഹമുണ്ടാകണം...' പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.
ഇവിടെ ശൈശവ രൂപത്തിലുള്ള രാമനെയാണ് പ്രതിഷ്‌ഠിക്കുന്നത്. ജനുവരി 16നാണ് ഇതിനുള്ള പൂജ നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നത്. ഈ മാസം 14 മുതല്‍ പ്രധാന പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന 22വരെ അയോധ്യയില്‍ അമൃതമഹോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം, അയോധ്യ രാമ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തില്‍ പുരോഗമിക്കുകയാണ്. അയോധ്യയില്‍ ജനുവരി 22നാണ് പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്ന പ്രതിഷ്‌ഠ ചടങ്ങുകൾ നടക്കുന്നത്. ചടങ്ങിന് ശേഷം ഭക്തർക്കും വിശിഷ്‌ട വ്യക്തികൾക്കും പ്രസാദമായി നല്‍കാനുള്ള ലഡ്ഡു തയ്യാറാക്കുന്ന തിരക്കിലാണ് മധുരപലഹാര നിര്‍മ്മാതാക്കൾ നിലവില്‍.
പ്രതിഷ്‌ഠാ ചടങ്ങുകളുടെ ഭാഗമായി 45 ടണ്‍ ലഡ്ഡുവാണ് തയ്യാറാക്കുന്നത്. അഹമ്മദാബാദ്, വാരാണസി എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളുടെ നേതൃത്വത്തിലാണ് മധുരപലഹാര നിര്‍മാണം നടക്കുന്നത്. രാജ്യത്തിന് അകത്തും പുറത്ത് നിന്നുമായി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിരവധി ടെന്‍റ് സിറ്റികളാണ് ചടങ്ങിനെത്തുന്നവര്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. ഇവര്‍ക്ക് ഇവിടെ താത്‌കാലിക താമസ സൗകര്യമാണ് ലഭിക്കുന്നത്. ആയിരക്കണക്കിന് പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സംവിധാനവും പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
10,000 - 15,000 പേര്‍ക്ക് വേണ്ട സൗകര്യങ്ങളാണ് ഒരുങ്ങി കൊണ്ടിരിക്കുന്നതെന്ന് ശ്രീ രാമ ജന്മഭൂമി ട്രസ്റ്റ് വ്യക്തമാക്കി. വന്‍ ജനാവലി പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ പ്രദേശിക ഭരണകൂടവും സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട് . അതേസമയം, അയോധ്യയില്‍ നടക്കുന്നത് ബിജെപി ആര്‍എസ്എസ് പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ പ്രതിഷ്‌ഠാ ചടങ്ങിനുള്ള ക്ഷണം നിരസിച്ചിരിക്കുകയാണ്.
Also Read :കോണ്‍ഗ്രസ് നിലപാട് ലീഗിന് അടിയറവ് വച്ചു, പേടിക്കുന്നത് സമസ്‌തയേയോ: അയോധ്യ വിഷയത്തില്‍ വി മുരളീധരന്‍