ന്യൂഡൽഹി: 'ദി കശ്‌മീർ ഫയൽസ്' എന്ന ചിത്രത്തിന് ബിജെപി പാർലമെന്‍ററി പാർട്ടി യോഗത്തിൽ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശരിയായ രീതിയിൽ സത്യം പുറത്തുകൊണ്ടുവരുന്നതാണ് ചിത്രമെന്നും പ്രധാനമന്ത്രി എപ്പോഴും രാജ്യത്തിന്‍റെ പക്ഷത്താണെന്നും മോദി പറഞ്ഞു.
1990ലെ കശ്‌മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥയാണ് പറ്റിയാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്‌ത ദി കശ്‌മീർ ഫയൽസ് എന്ന ചിത്രം പറയുന്നത്. 1975ലെ അടിയന്തരാവസ്ഥ, വിഭജനം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ സിനിമകളൊന്നും ഉണ്ടായിട്ടില്ലെന്നും ജനങ്ങൾക്ക് സത്യങ്ങൾ തിരിച്ചറിയാൻ ദി കശ്‌മീർ ഫയലുകൾ പോലെയുള്ള കൂടുതൽ സിനിമകൾ ഉണ്ടാകേണ്ടതുണ്ടെന്നും യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
വസ്‌തുതകളെയോ കലയെയോ അവലോകനം ചെയ്യുന്നതിനു പകരം ചിത്രത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ പതാക വാഹകർ ഇപ്പോൾ അസ്വസ്ഥരാണ്. വർഷങ്ങളായി അടിച്ചമർത്തപ്പെട്ട സത്യത്തെയാണ് സിനിമ തുറന്നു കാണിക്കുന്നത്. സത്യം മറച്ചുവെക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ സിനിമയെ എതിർക്കുന്നതെന്നും മോദി പറഞ്ഞു.