എറണാകുളം: ആദിശങ്കരന്‍റെ ജന്മഭൂമിയായ കാലടിയിൽ പ്രാർഥന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്‌കാരം സംരക്ഷിക്കാൻ ആദിശങ്കരാചാര്യർ നൽകിയ സംഭാവനകൾക്ക് വരുംതലമുറ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുമെന്ന് മോദി പറഞ്ഞു. വ്യാഴാഴ്‌ച(01.09.2022) നെടുമ്പാശേരിയിൽ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുത്ത ശേഷം വൈകിട്ട് 5.35നാണ് മോദി കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെത്തിയത്.
45 മിനിട്ടോളം ക്ഷേത്രത്തിൽ ചെലവഴിച്ച പ്രധാനമന്ത്രി ചടങ്ങുകളിലും പങ്കെടുത്തു. ശ്രീശാരദ സന്നിധിയിലാണ് മോദി ആദ്യം ദർശനം നടത്തിയത്. തുടർന്ന് ശ്രീശങ്കരന്‍റെ മാതാവ് ആര്യാംബയുടെ സമാധി സ്ഥലത്ത് പുഷ്‌പങ്ങൾ അർപ്പിച്ചു. ശ്രീശക്തി ഗണപതി സന്നിധിയിലും ശ്രീശങ്കര ഭഗവദ്‌പാദരുടെ സന്നിധിയിലും പ്രാർഥിച്ചു. ശ്രീകോവിലിന് മുന്നിൽ പീഠത്തിലിരുന്നുകൊണ്ട് ശ്രീശങ്കര പാദുകത്തിൽ പുഷ്‌പാർച്ചന നടത്തി.