ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സൗജന്യ റേഷൻ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്‌ത ഭക്ഷ്യോത്‌പന്ന പാക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റേയും ചിത്രങ്ങള്‍ പതിപ്പിച്ചത് വിവാദമാകുന്നു. സംസ്ഥാനത്തെ 80,000 റേഷൻ കടകളിലൂടെ വിതരണം ചെയ്‌ത ഉപ്പ്, ശുദ്ധീകരിച്ച എണ്ണ, പരിപ്പ് എന്നിവയുടെ പാക്കറ്റുകളിലാണ് മോദിയുടേയും യോഗിയുടേയും ചിത്രങ്ങളുള്ളത്.
ചില പാക്കറ്റുകളിൽ 'സോച്ച് ഇമന്ദാർ, കാം ദംദാർ' (സത്യസന്ധമായ ചിന്ത, ഉറച്ച കൃത്യനിര്‍വഹണം) എന്ന മുദ്രാവാക്യവും ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് പദ്ധതിയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിച്ചത്. യുപി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിനായി ഇവ ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപം.
പ്രധാനമന്ത്രി 'ഗരീബ് കല്യാൺ അന്ന യോജന' നാല് മാസത്തേക്ക് (2021 ഡിസംബർ മുതൽ 2022 മാർച്ച് വരെ) നീട്ടുമെന്ന് കേന്ദ്രം നവംബര്‍ അവസാനത്തോടെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം കൊവിഡ് മഹാമാരിക്കാലത്ത് ആരംഭിച്ച പദ്ധതി പ്രകാരം ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴിൽ വരുന്ന എല്ലാ ഗുണഭോക്താക്കൾക്കും 5 കിലോ അധിക റേഷൻ സൗജന്യമായി ലഭിക്കും.