ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ ഇന്ത്യ ഗേറ്റില്‍ സ്വാതന്ത്ര്യ സമര നേതാവ് സുഭാഷ് ചന്ദ്ര ബോസിന്‍റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (08.09.2022) അനാച്‌ഛാദനം ചെയ്‌തു. കറുത്ത ഗ്രനൈറ്റില്‍ തീര്‍ത്ത 28 അടി നീളമുള്ള പ്രതിമയാണ് സ്ഥാപിച്ചത്. 13,450 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്‌താ പ്രൊജക്റ്റിന്‍റെ ഭാഗമാണ് ഈ പ്രതിമാ നിര്‍മാണവും.
പുതിയ പാര്‍ലമെന്‍റ് മന്ദിരം, പ്രധാനമന്ത്രിക്കും, ഉപരാഷ്‌ട്രപതിക്കുമുള്ള വസതികള്‍, കേന്ദ്ര മന്ത്രാലയങ്ങളുടെ ഓഫീസ് കെട്ടിടങ്ങള്‍ എന്നിവയടങ്ങുന്ന പദ്ധതിയാണ് സെന്‍ട്രല്‍ വിസ്‌റ്റാ പ്രൊജക്‌റ്റ്. നിലവിലെ പ്രധാനപ്പെട്ട മന്ത്രാലയങ്ങളുടെ ഓഫീസ് അടങ്ങുന്ന നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളും സെക്രട്ടറിയേറ്റ് കെട്ടിടങ്ങളും മ്യൂസിയങ്ങളായി മാറ്റും. ഒറ്റ ഗ്രനൈറ്റ് കല്ലില്‍ തീര്‍ത്തതാണ് ഈ പ്രതിമ.
280 മെട്രിക് ടണ്ണാണ് ഈ ഗ്രനൈറ്റ് കല്ലിന്‍റെ ഭാരം. കല്ലില്‍ നിന്ന് പ്രതിമ കൊത്തിയെടുക്കാന്‍ രണ്ട് മാസത്തിലേറെ സമയമെടുത്തു. ഗ്രാനൈറ്റ് തെലങ്കാനയില്‍ നിന്നാണ് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്.
പ്രതിമയുടെ പ്രത്യേകതകള്‍:ഈ കല്ലിനെ ചെത്തിമിനുക്കി പ്രതിമയാക്കിയപ്പോള്‍ ഉള്ള ഭാരം 65 മെട്രിക് ടണ്ണാണ്. 26,000 മണിക്കൂറുകളുടെ മനുഷ്യ അധ്വാനമാണ് പ്രതിമ ഉണ്ടാക്കാനായി എടുത്തത്. ആധുനിക പണി ആയുധങ്ങള്‍ ഉപയോഗിച്ച് കൊണ്ട് പരമ്പരാഗത രീതിയിലാണ് പ്രതിമ കൊത്തിയെടുത്തത്. അരുണ്‍ യോഗി രാജിന്‍റ നേതൃത്വത്തിലാണ് പ്രതിമ നിര്‍മിച്ചത്.
ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതും, യഥാതഥവുമായ ശൈലിയില്‍ ഉള്ളതുമായ ഇന്ത്യലെ പ്രതിമകളില്‍ ഒന്നാണ് ഇത്. സുഭാഷ് ചന്ദ്ര ബോസിനോടുള്ള നന്ദിസൂചകമായാണ് ഈ പ്രതിമയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. 140 ചക്രങ്ങളുള്ളതും 100 അടി നീളമുള്ളതുമായ പ്രത്യേക ട്രക്ക് രൂപകല്‍പ്പന ചെയ്‌താണ് പ്രതിമ നിര്‍മ്മിച്ച ഗ്രനൈറ്റ് കല്ല് തെലങ്കാനയിലെ ഖാമത്തില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. 1,665 കിലോമീറ്റര്‍ യാത്രയാണ് ഉണ്ടായിരുന്നത്.
കേരളത്തിന്‍റെ പഞ്ചവാദ്യത്തിന്‍റേയും ചെണ്ടയുടേയും മണിപ്പൂരിന്‍റെ പരമ്പരാഗതമായ ശങ്ക് വാദ്യത്തിന്‍റേയും മുഴക്കത്തോടെയാണ് നേതാജിയുടെ പ്രതിമ അനച്‌ഛാദനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നത്. കദംകദം എന്ന് തുടങ്ങുന്ന സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഇന്ത്യന്‍ നേഷണല്‍ ആര്‍മിയുടെ രണോത്സുക പാട്ടിന്‍റെ അകമ്പടിയോടെയാണ് പ്രതിമയുടെ അനാച്‌ഛാദനം നിര്‍വഹിക്കപ്പെട്ടത്.