കൊൽക്കത്ത :ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ കനത്ത പരാജയം അംഗീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. അതുകൊണ്ടാണ് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്‌ത് ബംഗാളിലേക്ക് കടന്നുകയറാൻ അവർ ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.
ഉത്തർപ്രദേശിൽ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞത് ഭൂരിഭാഗം വാക്സിനുകളും ആ സംസ്ഥാനത്തിന് നൽകിക്കൊണ്ടിരിക്കുകയാണ് എന്നാണ്. ബംഗാളിന് പണവും വാക്സിനുകളും നൽകിയില്ലെങ്കിൽ അത് അനീതിയാണെന്നും മമത ബാനർജി പറഞ്ഞു.
"ഞങ്ങൾക്ക് 14 കോടി ഡോസ് വാക്സിൻ ഡോസുകൾ ആവശ്യമാണ്, പക്ഷേ ഞങ്ങൾക്ക് ലഭിച്ചത് 2.12 കോടി വാക്സിനുകൾ മാത്രമാണ്. 18 ലക്ഷം വാക്സിനുകൾ ഞങ്ങൾ സ്വയം വാങ്ങിയിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ക്ക് കൂടുതൽ വാക്സിനുകൾ ലഭിക്കുന്നു, ചിലർക്ക് ലഭിക്കുന്നില്ല. ഇത് അനീതിയാണെന്നും മമത ബാനർജി പറഞ്ഞു.
ബംഗാളിലെ അക്രമങ്ങള്‍
ബംഗാളിലെ അക്രമങ്ങളിലും മമത കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി. തന്ത്രങ്ങൾ മെനഞ്ഞ് ബംഗാളിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്ന് മമത ബാനജി ആരോപിച്ചു. ഉത്തർപ്രദേശിൽ നിയമവാഴ്ചയില്ലെന്നും മമത കൂട്ടിച്ചേർത്തു.