ന്യൂഡല്‍ഹി : ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ മില്ലറ്റ്‌സ് കോണ്‍ഫറന്‍സ്, പരിചയപ്പെടുത്തിയ വിവിധയിനം ധാന്യങ്ങളുടെ വ്യത്യസ്‌തത കൊണ്ട് മാത്രമല്ല, പ്രധാനമന്ത്രിയുടെ വേറിട്ട പ്രവര്‍ത്തി കൊണ്ടും ചര്‍ച്ചയാവുകയാണ്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷക പത്‌മശ്രീ പാപ്പമ്മാളിന്‍റെ കാല്‍ തൊട്ട് വണങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാളിത്യത്തിന് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. ഡല്‍ഹി സുബ്രഹ്മണ്യം ഹാളില്‍ നടന്ന ഗ്ലോബല്‍ മില്ലറ്റ്‌സ് കോണ്‍ഫറന്‍സിന്‍റെ ഉദ്‌ഘാടകനായിരുന്നു പ്രധാനമന്ത്രി.
ചടങ്ങില്‍ പാപ്പമ്മാളാണ് പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചത്. പൊന്നാട സ്വീകരിച്ച ശേഷം നരേന്ദ്ര മോദി കാല്‍ക്കല്‍ വീണ് അനുഗ്രഹം വാങ്ങുകയായിരുന്നു. പിന്നാലെ പാപ്പമ്മാളിന്‍റെ ആരോഗ്യ കാര്യങ്ങള്‍ തിരക്കുകയും ചെയ്‌തു.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചു. ഇതോടെ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. നിരവധി ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്‌തിട്ടുമുണ്ട്.
പ്രായം വെറും അക്കമെന്ന് തെളിയിച്ച പാപ്പമ്മാള്‍ : 107 വയസുള്ള കര്‍ഷകയാണ് പാപ്പമ്മാള്‍. ജൈവ കൃഷിയാണ് പാപ്പമ്മാളിന്‍റെ പ്രത്യേകത. കോയമ്പത്തൂര്‍ മേട്ടുപ്പാളയത്തിന് സമീപം തെക്കംപട്ടി സ്വദേശിയായ പാപ്പമ്മാളുടെ കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചുകൊണ്ട് രാജ്യം 2021 ല്‍ അവര്‍ക്ക് പത്‌മശ്രീ നല്‍കി.
പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പാപ്പമ്മാള്‍ ഇടിവി ഭാരതുമായി സന്തോഷം പങ്കുവച്ചിരുന്നു. കൃഷിക്ക് പ്രായം തടസമല്ലെന്ന് കാണിക്കാനാണ് നൂറ് വയസ് പിന്നിട്ടിട്ടും താന്‍ ഇത് തുടരുന്നതെന്നാണ് അന്ന് പാപ്പമ്മാള്‍ പ്രതികരിച്ചത്. നാടിന്‍റെ നട്ടെല്ലായ കാര്‍ഷിക മേഖലയോട് യുവ തലമുറ താത്‌പര്യം കാണിക്കണമെന്നും ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ പാപ്പമ്മാള്‍ ആവശ്യപ്പെട്ടിരുന്നു.