ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പൂർണകായ പ്രതിമ ഇന്ത്യ ഗേറ്റില്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രാനൈറ്റില്‍ തീർക്കുന്ന പ്രതിമ സ്ഥാപിക്കുന്നത് വരെ അതേ സ്ഥലത്ത് ഹോളോഗ്രാം പ്രതിമ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനമായ ജനുവരി 23ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. 28 അടി ഉയരത്തിലും ആറ് അടി വീതിയിലുമായി ഇന്ത്യഗേറ്റിലാണ് പ്രതിമ സ്ഥാപിക്കുന്നത്. നേതാജിയുടെ 125-ാം ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് ഹോളോഗ്രാം പ്രതിമ ഒരുക്കിയിരിക്കുന്നത്.
'രാജ്യമെമ്പാടും നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125 ആം ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ, ഗ്രാനൈറ്റില്‍ നിർമിച്ച അദ്ദേഹത്തിന്‍റെ പ്രതിമ ഇന്ത്യ ഗേറ്റിൽ സ്ഥാപിക്കുമെന്ന വിവരം പങ്കു വക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹത്തോടുള്ള ഇന്ത്യയുടെ കടപ്പാടിന്‍റെ പ്രതീകമായിരിക്കും പ്രതിമ,' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജോർജ് അഞ്ചാമന്‍റെ 70 അടി ഉയരമുള്ള പ്രതിമ ഇരുന്നിരുന്ന സ്ഥാനത്താണ് നേതാജിയുടെ പ്രതിമ സ്ഥാപിക്കുന്നത്. ജോർജ് അഞ്ചാമന്‍റെ പ്രതിമ 1968ല്‍ നീക്കം ചെയ്യുകയായിരുന്നു.
Also read: ഇനി ചരിത്രം; അമർ ജവാൻ ജ്യോതി ദേശീയ യുദ്ധ സ്‌മാരകത്തിൽ ലയിപ്പിച്ചു