ന്യൂഡൽഹി: യുക്രൈനിൽ റഷ്യ നടത്തുന്ന സൈനിക നീക്കങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി അൽപസമയത്തിനകം സംസാരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വി ശ്രിംഗ്‌ല. റഷ്യ അധിനിവേശം നടത്തുന്ന സാഹചര്യത്തില്‍ ഇന്ത്യ ഇടപെടണമെന്ന യുക്രൈന്‍റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് നടപടി.
നിലവിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകൗണ്‍സിൽ യോഗം ചേരുകയാണ്. റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളും പെട്രോൾ, ക്രൂഡ് ഓയിൽ വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യുന്നുവെന്നാണ് വിവരം.
ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവരും ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഇതിന് ശേഷം പ്രധാനമന്ത്രി പുടിനുമായി സംസാരിക്കും.