ന്യൂഡൽഹി:രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യസഭയിൽ മറുപടി നൽകും. രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച ബുധനാഴ്‌ച സമാപിച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ മറുപടി വ്യാഴാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് ഉണ്ടാകുമെന്ന് രാജ്യസഭ ചെയർമാൻ ചെയർമാൻ ജഗ്‌ദീപ് ധൻഖർ അറിയിച്ചു.
ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിവസമായ ജനുവരി 31ന് ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്‌തിരുന്നു. പ്രതിരോധം, ബഹിരാകാശം, സ്ത്രീ ശാക്തീകരണം, വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള അമൃത് കാലിലെ പൊതു ഇടപെടലിന്‍റെ പ്രാധാന്യം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് രാഷ്‌ട്രപതി പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ഒരു വിവേചനവുമില്ലാതെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന പൈതൃകത്തിനും വികസനത്തിനും ഊന്നൽ നൽകുന്ന ഒരു ഗവൺമെന്‍റാണ് രാജ്യത്തിനുള്ളതെന്ന് മുർമു പറഞ്ഞു. അഴിമതിക്കെതിരായ സർക്കാരിന്‍റെ നിരന്തര പോരാട്ടത്തെക്കുറിച്ചും മുർമു സംസാരിച്ചു.
രാഷ്‌ട്രപതിയുടെ പ്രസംഗം ഇന്ത്യയിലെ സ്‌ത്രീശക്തിയെ പ്രചോദിപ്പിക്കുകയും ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്‌തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തെ പ്രതിപക്ഷം വിമർശിച്ചു. ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവാണെന്നും ശക്തമായ ജനാധിപത്യത്തിന് ക്രിയാത്മക വിമർശനം അനിവാര്യമാണെന്നും വിമർശനം ശുദ്ധി യാഗം പോലെയാണെന്നും മോദി പറഞ്ഞു. ചൊവ്വാഴ്‌ച നടന്ന ചർച്ചയ്ക്കിടെ അദാനി വിഷയത്തിൽ സർക്കാരിനെതിരെ രാഹുൽ ഗാന്ധി രൂക്ഷമായ വിമർശനം നടത്തിയെങ്കിലും പ്രതിപക്ഷത്തിന്‍റെ വ്യാജ ആരോപണങ്ങൾ മുഖവിലയ്‌ക്ക് എടുക്കുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
പ്രതിപക്ഷത്തിനെതിരെ കുറ്റപ്പെടുത്തലുകളുമായി മോദി:പ്രധാനമന്ത്രിയുടെ മറുപടിക്കിടെ ചില എംപിമാർ വാക്കൗട്ട് നടത്തി. ക്രിയാത്മകമായ വിമർശനത്തിന് പകരം ചിലർ നിർബന്ധിത വിമർശനത്തിലാണ് മുഴുകുന്നതെന്ന് പ്രതിപക്ഷത്തെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസം പത്ര തലക്കെട്ടുകൾ കൊണ്ടല്ലെന്നും കഠിനാധ്വാനം കൊണ്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ പുരോഗതിയിൽ പ്രതിപക്ഷത്തിന് നിരാശയാണെന്നും എന്തെങ്കിലും നല്ലത് സംഭവിക്കുമ്പോൾ അവരുടെ സങ്കടം വർധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.