ബെംഗളൂരു: ദക്ഷിണാഫ്രിക്കയിലെ ബ്രിക്‌സ് ഉച്ചകോടിയ്‌ക്കും (15th BRICS Summit South Africa) ഗ്രീസ് സന്ദര്‍ശനത്തിനും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi Returns To India After BRICS) മടങ്ങിയെത്തി. ചന്ദ്രയാന്‍ 3 (Chandrayaan 3) ദൗത്യത്തിന്‍റെ ഭാഗമായ ഐഎസ്‌ആര്‍ഒ (ISRO) ശാസ്‌ത്ര സംഘത്തെ നേരില്‍ കണ്ട് അഭിനന്ദിക്കുന്നതിനായി ബെംഗളൂരുവിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi In Bengaluru) എത്തിയത്. ബെംഗളൂരുവിലെ എച്ച്എഎല്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ കര്‍ണാടക ചീഫ് സെക്രട്ടറി വന്ദിത ശര്‍മ, ഡിജിപി അലോക് മോഹന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
'ചന്ദ്രയാന്‍ 3ന്‍റെ വിജയത്തിലൂടെ ഇന്ത്യയെ അഭിമാനം കൊള്ളിച്ച നമ്മുടെ ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞരുമായി സംവദിക്കാന്‍ കാത്തിരിക്കുന്നു. അവരുടെ അഭിനിവേശവും അര്‍പ്പണബോധവുമാണ് ബഹിരാകാശ മേഖലയിലെ നമ്മുടെ രാജ്യത്തിന്‍റെ നേട്ടങ്ങള്‍ക്ക് പിന്നിലെ ചാലകശക്തി' -പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ഭൂമിയില്‍ കണ്ടു, മാനത്ത് നേടി: ഓഗസ്റ്റ് 23നാണ് രാജ്യത്തിന്‍റെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ തൊട്ടത്. ചന്ദ്രയാന്‍ സോഫ്‌റ്റ് ലാന്‍ഡിങ് നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഐഎസ്‌ആര്‍ഒ തത്സമയം സംപ്രേഷണം ചെയ്‌തിരുന്നു. തത്സമയ സംപ്രേഷണത്തിലൂടെ നിരവധി പേരാണ് ചന്ദ്രയാന്‍ 3ന്‍റെ സോഫ്‌റ്റ് ലാന്‍ഡിങ് വീക്ഷിച്ചത്.
സോഫ്‌റ്റ് ലാന്‍ഡിങ് ദിവസം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബര്‍ഗിലായിരുന്നു. ബ്രിക്‌സ് ഉച്ചകോടിയ്‌ക്കിടെ പ്രധാനമന്ത്രി ജോഹന്നാസ്‌ബര്‍ഗില്‍ നിന്നും ഓണ്‍ലൈനായി ചേര്‍ന്ന് ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ്ങിന് സാക്ഷിയായി. ചന്ദ്രയാന്‍ 3 വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതിന് പിന്നാലെ പ്രശംസയുമായി പ്രധാനമന്ത്രി എത്തിയിരുന്നു.