ന്യൂഡൽഹി : പുതുതായി നിർമിച്ച പാർലമെന്‍റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ലോക്‌സഭ സ്‌പീക്കർ മോദിയെ സന്ദർശിച്ച് പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിനുള്ള ക്ഷണം നൽകിയതായി ലോക്‌സഭ സെക്രട്ടേറിയറ്റ് അറിയിച്ചു. ലോക്‌സഭ ചേംബറിൽ 888 അംഗങ്ങൾക്കും രാജ്യസഭ ചേംബറിൽ 300 അംഗങ്ങൾക്കും കൂടുതൽ മെച്ചപ്പെട്ട സൗകര്യത്തോടെ ഇരിക്കാൻ കഴിയുന്നതാണ് പുതിയ പാർലമെന്‍റ് മന്ദിരം.
ഇരുസഭകളുടെയും സംയുക്ത സമ്മേളനമാണെങ്കിൽ, ലോക്‌സഭ ചേംബറിൽ മൊത്തം 1,280 അംഗങ്ങളെ ഉൾക്കൊള്ളാൻ കഴിയും. 2020 ഡിസംബർ 10 നാണ് പ്രധാനമന്ത്രി പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ തറക്കല്ലിടൽ നിർവഹിച്ചത്. ഗുണനിലവാരമുള്ള നിർമാണത്തോടെ റെക്കോർഡ് സമയത്താണ് പുതിയ കെട്ടിടം നിർമിച്ചതെന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് അറിയിച്ചു.
1927ൽ പൂർത്തിയാക്കിയ ഇന്നത്തെ പാർലമെന്‍റ് മന്ദിരത്തിന് ഇപ്പോൾ 96 വർഷത്തെ പഴക്കമുള്ളതാണ്. കാലക്രമേണ, പഴയ കെട്ടിടം ഇന്നത്തെ ആവശ്യങ്ങൾക്ക് പര്യാപ്‌തമല്ലെന്ന് കണ്ടെത്തി. പാർലമെന്‍റിന് പുതിയ കെട്ടിടം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയും രാജ്യസഭയും പ്രമേയങ്ങൾ പാസാക്കിയിരുന്നു.
ടാറ്റ പ്രോജക്‌റ്റ്സ് ലിമിറ്റഡ് നിർമിക്കുന്ന പുതിയ കെട്ടിടത്തിൽ ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി ഒരു മഹത്തായ ഭരണഘടന ഹാൾ, എംപിമാർക്കുള്ള വിശ്രമ മുറി, ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, ഡൈനിങ് ഏരിയകൾ, വിശാലമായ പാർക്കിങ് സ്ഥലം എന്നിവയാണ് ഉള്ളത്. ത്രികോണാകൃതിയിലുള്ള നാല് നില കെട്ടിടത്തിന് 64,500 ചതുരശ്ര മീറ്റർ വിസ്‌തീർണമുണ്ട്. കെട്ടിടത്തിന് മൂന്ന് പ്രധാന കവാടങ്ങളാണ് ഉള്ളത്. ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ എന്നിങ്ങനെയാണ് കവാടങ്ങൾ.