ന്യൂഡൽഹി:13 -ാമത് ബ്രിക്‌സ് ഉച്ചകോടി ഇന്ന് (വ്യാഴാഴ്‌ച). വെർച്വൽ ഫോർമാറ്റിൽ നടത്തുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസനാരോ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് എന്നിവരും യോഗത്തിൽ പങ്കെടുക്കും.
ഇന്ത്യയുടെ നേതൃത്വത്തിൽ ബ്രിക്‌സ്@15
‘ബ്രിക്‌സ്@15: തുടർച്ച, ഏകീകരണം, സമവായം എന്നിവയ്ക്കുള്ള ഇൻട്രാ-ബ്രിക്‌സ് സഹകരണം’ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. താലിബാന്‍റെ അഫ്‌ഗാൻ മുന്നേറ്റത്തിനു ശേഷമുള്ള സാഹചര്യവും മേഖലയിൽ നിന്ന് ഉയരുന്ന തീവ്രവാദ ഭീഷണിയെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും.
ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി ബ്രിക്‌സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിയുടെ അധ്യക്ഷനാകുന്നത്. നേരത്തേ 2016 -ൽ അദ്ദേഹം ഗോവ ഉച്ചകോടിയുടെ അധ്യക്ഷനായിരുന്നു. ബ്രിക്‌സിന്‍റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതെന്നതും പ്രത്യേകതയാണ്. അവസാനത്തെ ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത് റഷ്യയായിരുന്നു.