ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ ജി 7 ഉച്ചകോടിക്കും അതിഥി രാജ്യങ്ങൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ബിൽഡിംഗ് ബാക്ക് സ്‌ട്രോംഗർ-ഹെൽത്ത്’ എന്ന ചർച്ചാവിഭാഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡിൽ നിന്നുള്ള ആഗോള വീണ്ടെടുക്കൽ, പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നല്‍ എന്നിവ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ച. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ എല്ലാ മേഖലയിൽ നിന്നുള്ളവരും ഒരുമിച്ച് നിന്ന് പ്രവർത്തിച്ചുവെന്നും കോൺട്രാക്‌റ്റ് ട്രെയ്‌സിംഗിനും വാക്‌സിൻ മാനേജ്‌മെന്‍റിനും ഇന്ത്യ ഓപ്പൺ സോഴ്‌സ് ഡിജിറ്റൽ ഉപകരണങ്ങൾ വിജയകരമായി ഉപയോഗിച്ചതായും അദ്ദേഹം പറഞ്ഞു.
Also Read:ജി 7 ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
മറ്റ് വികസ്വര രാജ്യങ്ങളുമായി ഈ അനുഭവങ്ങൾ പങ്കുവയ്‌ക്കാമെന്നും അദ്ദേഹം താത്‌പര്യം പ്രകടിപ്പിച്ചു. ആഗോള തലത്തിൽ ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണയും പ്രധാനമന്ത്രി അറിയിച്ചു. ഇന്‍റലക്‌ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സുമായി ബന്ധപ്പെട്ട് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുന്നോട്ടുവച്ച നിർദേശത്തിന് പ്രധാനമന്ത്രി ജി 7 ഉച്ചകോടിയുടെ പിന്തുണ നേടി.
കഴിഞ്ഞ ദിവസത്തെ യോഗം ലോകമെമ്പാടും "വൺ എർത്ത് വൺ ഹെൽത്ത്" എന്ന സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പകർച്ചവ്യാധികൾക്കെതിരെ ആഗോളതലത്തിൽ ഐക്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജി 7 ഉച്ചകോടിയുടെ അവസാന ദിവസമായ ഞായറാഴ്‌ച പ്രധാനമന്ത്രി രണ്ട് സെഷനുകളിൽ പങ്കെടുത്ത് സംസാരിക്കും.