ന്യൂഡൽഹി: ടോക്കിയോ പാരാലിമ്പിക്സിൽ ഷൂട്ടിങ്ങിൽ സ്വർണം നേടിയ അവാനി ലേഖാരയ്ക്ക് അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഷൂട്ടർ അവാനിയെ വിളിച്ച് അഭിനന്ദനം അറിയിച്ചു. അവാനിയുടെ വിജയം വളരെ അഭിമാനകരമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്ത് നിന്ന് തനിക്ക് ലഭിച്ച പിന്തുണയിൽ അവാനി സന്തോഷം പ്രകടിപ്പിച്ചു.
കഠിനാധ്വാനവും ഷൂട്ടിങ്ങിനോടുള്ള അഭിനിവേശവും ഒന്നുകൊണ്ട് മാത്രമാണ് ഈ വിജയം നേടാൻ അവാനിക്ക് സാധിച്ചതെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Also Read: പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; പുതു ചരിത്രം കുറിച്ച് അവാനി ലേഖാര
10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോടെയാണ് അവാനി സ്വർണ മെഡല്‍ സ്വന്തമാക്കിയത്. 249.6 പോയിന്‍റ് നേടിയാണ് 19കാരിയായ താരം ഒന്നാം സ്ഥാനത്തെത്തിയത്. പാരാലിമ്പിക്‌സില്‍ ഒരു ഇന്ത്യന്‍ വനിതയുടെ ആദ്യ സ്വര്‍ണ മെഡല്‍ നേട്ടം കൂടിയാണിത്. യോഗ്യതാ റൗണ്ടില്‍ 621.7 പോയിന്‍റ് നേടിയ അവാനി ഏഴാം സ്ഥാനക്കാരിയായാണ് ഫൈനലിന് യോഗ്യത നേടിയത്.
ചൈനയുടെ കുയിപ്പിങ് ഷാങ് 248.9 പോയിന്‍റെ നേടി വെള്ളി കരസ്ഥമാക്കിയപ്പോൾ ഉക്രെയ്നിന്‍റെ ഇരിന ഷ്ചെറ്റ്നിക് വെങ്കലം നേടി.