ന്യൂഡല്‍ഹി:കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലം ഇന്ത്യയ്‌ക്ക് 'നഷ്‌ട ദശാബ്‌ദ'മായിരുന്നുവെന്ന് രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്‍ മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയുടെ മറുപടിയില്‍ ലോക്‌സഭയില്‍ പ്രധാനമന്ത്രി ആരോപിച്ചു. തന്‍റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014ന് ശേഷമുള്ള കാലം 'ഇന്ത്യയുടെ ദശാബ്‌ദ'മാണ് എന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി പ്രതിപക്ഷം ക്രിയാത്‌മക വിമര്‍ശനം നടത്തിയിട്ടില്ല. സമയം കളയാനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനുമായുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. തങ്ങള്‍ക്ക് എതിരായാണ് കാര്യങ്ങള്‍ വരുന്നതെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണഘടനാ സ്ഥാപനങ്ങളായ തെരഞ്ഞെടുപ്പ് കമ്മിഷനേയും സുപ്രീംകോടതിയേയും ആക്രമിക്കുന്നു. സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ പ്രതിപക്ഷം റിസര്‍വ് ബാങ്കിനെ പോലും വെറുതെ വിടാറില്ല എന്നും മോദി ആരോപിച്ചു.
"നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോള്‍ കമ്മിഷനേയും ഇവിഎമ്മിനേയും കുറ്റം പറയുന്നു. വിധികള്‍ നിങ്ങള്‍ക്ക് അനുകൂലമല്ലാതിരിക്കുമ്പോള്‍ സുപ്രീംകോടതിയെ വിമര്‍ശിക്കുന്നു. അഴിമതി കേസുകള്‍ അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ ഏജന്‍സികള്‍ക്കെതിരെ അധിക്ഷേപങ്ങള്‍ ചൊരിയുന്നു.
ധീരമായ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ സൈന്യത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. സാമ്പത്തിക പുരോഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ ആര്‍ബിഐയെ വിമര്‍ശിക്കുന്നു," പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് കൊണ്ട് മോദി പറഞ്ഞു.
തീവ്രവാദത്തിനോട് മൃദു സമീപനമാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മോദി ആരോപിച്ചു. തീവ്രവാദത്തെ അടിച്ചമര്‍ത്തുന്നതിനുള്ള യുപിഎ സര്‍ക്കാറിന്‍റെ ഭയമാണ് 2008ലെ ഭീകരാക്രമണത്തിലേക്ക് നയിച്ചത്. 2008ലെ മുംബൈ ഭീകരാക്രമണം ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. യുപിഎ സര്‍ക്കാറിന്‍റെ ദുര്‍ഭരണത്തിന്‍റെ ഒരു ദൃഷ്‌ടാന്തമാണ് ഈ ഭീകരാക്രമണം.