പാറ്റ്ന: ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധവശാല്‍ എത്തിയ അഞ്ചര ലക്ഷം രൂപ തിരികെ നല്‍കാന്‍ വിസമ്മതിച്ച് യുവാവ്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അക്കൗണ്ടിലിട്ടതാണെന്നായിരുന്നു വിശദീകരണം. പണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ബിഹാറിലെ ഖഗാരിയ ജില്ലയിലാണ് സംഭവം. ബക്‌തിയാര്‍പൂര്‍ സ്വദേശിയായ രഞ്ജിത്ത് ദാസ് എന്നയാളുടെ ഗ്രാമീണ്‍ ബാങ്കിലെ അക്കൗണ്ടിലേക്കാണ് അഞ്ചര ലക്ഷം രൂപയെത്തിയത്. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പണം അക്കൗണ്ടില്‍ നിക്ഷേപമായി എത്തുകയായിരുന്നു.
തുടര്‍ന്ന് ബാങ്ക് രഞ്ജിത്തിനെ ബന്ധപ്പെടുകയും പണം തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. 'എന്‍റെ അക്കൗണ്ടില്‍ പ്രധാനമന്ത്രി നിക്ഷേപിച്ച പണമാണിത്. അതുകൊണ്ട് ഈ പണം ഞാന്‍ തിരികെ നല്‍കില്ല' എന്നായിരുന്നു യുവാവിന്‍റെ മറുപടി.
പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് ബാങ്ക് പലതവണ നോട്ടീസ് അയച്ചെങ്കിലും രഞ്ജിത്ത് വിസമ്മതിക്കുകയായിരുന്നു. ഇതിനിടെ രഞ്ജിത്ത് ദാസ് അക്കൗണ്ടിലെ പണം പിന്‍വലിച്ചു. തുടര്‍ന്ന് ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയില്‍ മാനസി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു.
Also read: പാര്‍ലമെന്‍റിന് പുതിയ ചാനല്‍; സൻസദ് ടിവി ഇന്ന് മുതല്‍