ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം ഭരണപക്ഷത്തിനല്ല, പ്രതിപക്ഷത്തിനാണ് പരീക്ഷണമെന്നും അദ്ദേഹം പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിലും ബിജെപി വിജയം ആവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
2018 ല്‍ തന്നെ അവിശ്വാസ പ്രമേയം ഞങ്ങള്‍ക്ക് ഒരു പരീക്ഷണമല്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. അവിശ്വാസ പ്രമേയം എന്നും ഞങ്ങള്‍ക്ക് ഭാഗ്യമാണ്. കാരണം ജനവിധിയില്‍ റെക്കോഡുകളെ ഭേദിച്ച് ഞങ്ങള്‍ മടങ്ങിവരുമെന്ന് ഇത് വ്യക്തമാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ വിശ്വാസമാണ് നമ്മുടെ സര്‍ക്കാരില്‍ വീണ്ടും വീണ്ടും കാണുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളോടുള്ള നന്ദിയറിയിക്കാനാണ് ഞാന്‍ ഇവിടെയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സമയമുണ്ടായിട്ടും എന്തേ തയ്യാറെടുത്തില്ല: തുടര്‍ന്ന് അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനും പ്രധാനമന്ത്രി മറന്നില്ല. പ്രതിപക്ഷത്തിന് അധികാരത്തോട് ആര്‍ത്തിയാണെന്നും ഇത് പ്രതിപക്ഷത്തിന്‍റെ തന്നെ പരീക്ഷണമാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനം പ്രതിപക്ഷത്തോട് അവിശ്വാസം കാട്ടി. ആവശ്യത്തിലധികം സമയമുണ്ടായിട്ട് കൂടി പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയ ചര്‍ച്ചയ്‌ക്കായി തയ്യാറെടുക്കാന്‍ കഴിഞ്ഞില്ല. അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷം നോബോള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം ജനങ്ങളെ ഒറ്റുകൊടുക്കുന്നു:വാജ്‌പേയി സര്‍ക്കാരിനെ അവിശ്വാസം വഴി വീഴ്‌ത്തി. പരാജയം ഉറപ്പിച്ചിട്ടും തനിക്കെതിരെ രണ്ടാംതവണയും അവിശ്വാസത്തിന് നോട്ടിസ് നല്‍കി. കോണ്‍ഗ്രസ് സഭാനേതാവിന് സംസാരിക്കാന്‍ പോലും അവസരം ലഭിച്ചില്ലെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷത്തിന് തങ്ങളുടെ പാര്‍ട്ടിയെന്ന ചിന്ത മാത്രമാണുള്ളത്. അല്ലാതെ രാജ്യത്തെ യുവാക്കളെ പറ്റി ചിന്തിക്കുന്നില്ല. നിര്‍ണായകമായ ബില്ലുകളില്‍ അവര്‍ രാഷ്‌ട്രീയം കളിക്കുകയാണെന്നും പ്രതിപക്ഷം ജനങ്ങളെ ഒറ്റുകൊടുക്കുകയാണെന്നും രൂക്ഷമായ വിമര്‍ശനവും പ്രധാനമന്ത്രി ഉയര്‍ത്തി.