ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മുലായം സിങ് യാദവിന്‍റെ മരണം രാജ്യത്തിന് നികത്താനാവാത്ത നഷ്‌ടമാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.
ഒരു സാധാരണ ചുറ്റുപാടിൽ നിന്ന് വന്ന മുലായം സിങ് യാദവ് ജിയുടെ നേട്ടങ്ങൾ അസാധാരണമായിരുന്നു. 'ധർത്തി പുത്ര' എന്നായിരുന്നു ദ്രൗപതി മുർമു അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എല്ലാ പാർട്ടിക്കാരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും അനുയായികൾക്കും എന്റെ അഗാധമായ അനുശോചനം! എന്ന് ദ്രൗപതി മുർമു ട്വീറ്റിൽ കുറിച്ചു.
മുലായം സിങ് യാദവിനെ അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; 'വിനീതനും അടിത്തറയുള്ള നേതാവും' എന്നാണ് പ്രധാനമന്ത്രി മുലായം സിങ് യാദവിനെ വിശേഷിപ്പിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ജനാധിപത്യത്തിന്‍റെ പ്രധാന സൈനികനായിരുന്നു അദ്ദേഹം എന്നും പ്രധാനമന്ത്രി പറഞ്ഞു.
മുലായം സിങ് യാദവ് യുപിയിലും ദേശീയ രാഷ്‌ട്രീയത്തിലും സ്വയം വ്യതിരിക്തനായിരുന്നു. പ്രതിരോധ മന്ത്രിയെന്ന നിലയിൽ ഇന്ത്യക്ക് വേണ്ടി അദ്ദേഹം ശക്തമായി പ്രവർത്തിച്ചു. അദ്ദേഹത്തിന്‍റെ പാർലമെന്‍ററി ഇടപെടലുകൾ ഉൾക്കാഴ്‌ചയുള്ളതും ദേശീയ താൽപര്യം വർധിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നതുമായിരുന്നു എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
"ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശ്രീ മുലായം സിങ് യാദവ്. ജനങ്ങളുടെ പ്രശ്‌നങ്ങളോട് സംവേദനക്ഷമതയുള്ള എളിമയും അടിത്തറയുമുള്ള നേതാവെന്ന നിലയിൽ അദ്ദേഹം പരക്കെ പ്രശംസിക്കപ്പെട്ടു. അദ്ദേഹം ജനങ്ങളെ ഉത്സാഹത്തോടെ സേവിക്കുകയും ലോകനായക് ജെ പിയുടെയും ഡോ. ലോഹ്യയുടെയും ആദർശങ്ങൾ ജനകീയമാക്കുന്നതിന് വേണ്ടി തന്‍റെ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്‌തു" എന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
സിങുമായി സംവദിക്കാനും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങൾ കേൾക്കാനും താൻ എപ്പോഴും ആഗ്രഹിച്ചിരുന്നു എന്നും മോദി കൂട്ടിച്ചേർത്തു. "ഞങ്ങൾ നമ്മുടെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കുമ്പോൾ മുലായം സിങ് യാദവ് ജിയുമായി എനിക്ക് നിരവധി ഇടപഴകലുകൾ ഉണ്ടായിരുന്നു. ഞങ്ങൾ അടുത്ത ബന്ധം തുടർന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങൾ കേൾക്കാൻ ഞാൻ എപ്പോഴും കാത്തിരുന്നിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം എന്നെ വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും ലക്ഷക്കണക്കിന് അനുയായികൾക്കും അനുശോചനം. ശാന്തി,” എന്നും പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.