സമര്‍ഖണ്ട്:ചരക്കുകളുടെ നീക്കം സുഗമമാക്കുന്നതിനായി ഷാങ്‌ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനിലെ(എസ്‌സിഒ) അംഗരാജ്യങ്ങള്‍ പരസ്‌പരം സഞ്ചാര അനുമതി ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 22-ാം എസ്‌സിഒ ഉച്ചകോടിയില്‍ ഉസ്‌ബെക്കിസ്ഥാന്‍ തലസ്ഥാനമായ സമര്‍ഖണ്ടില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊവിഡും റഷ്യ യുക്രൈന്‍ യുദ്ധവും ആഗോള വിതരണ ശൃംഖലയിലുണ്ടാക്കിയ ആഘാതം കാരണം ലോകം ഭക്ഷ്യ ഇന്ധന പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ എസ്‌സിഒ അംഗരാജ്യങ്ങള്‍ക്കിടയില്‍ മികച്ച ഗതാഗത ബന്ധം(connectivity) ആവശ്യമാണെന്ന് മോദി വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലൂടെയുള്ള അഫ്‌ഗാനിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ചരക്ക് നീക്കത്തെ പാകിസ്ഥാന്‍ തടസപ്പെടുത്തുന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രസ്‌താവന.
ഈ വര്‍ഷം ഇന്ത്യയുടെ ജിഡിപി 7.5 ശതമാനം വളര്‍ച്ച പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ ഉയര്‍ന്ന വളര്‍ച്ചനിരക്കായിരിക്കും ഇതെന്നും മോദി പറഞ്ഞു. "വൈവിധ്യവത്‌കൃതമായതും അതിജീവനക്ഷമതയുള്ളതുമായ വിതരണശൃംഖല സൃഷ്‌ടിക്കുന്നതിനായി എസ്‌സിഒ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇതിനായി മികച്ച കണക്‌റ്റിവിറ്റിയും ചരക്ക് നീക്കവും ഉണ്ടാകേണ്ടതുണ്ട്", പ്രധാനമന്ത്രി പറഞ്ഞു.