ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെ ചെങ്കോലിന് മുന്നിൽ സാഷ്ടാംഗം നമസ്‌കരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴ് മണിയോടെ പുതിയ കെട്ടിടത്തിന് പുറത്ത് ഉദ്‌ഘാടന ചടങ്ങിന്‍റെ ഭാഗമായി നടന്ന പൂജക്കിടെയാണ് മോദി ചെങ്കോലിന് മുന്നിൽ നമസ്‌കരിച്ചത്. ഇതിനിടെ മോദിയുടെ മേൽ ശൈവ മഠത്തിലെ പുരോഹിതന്മാർ പുഷ്‌പവൃഷ്‌ടി നടത്തുകയും ചെയ്‌തു.
ശേഷം ചെങ്കോൽ കയ്യിലേന്തിയ മോദി പുരോഹിതൻമാരിൽ നിന്ന് അനുഗ്രഹം തേടി. പിന്നാലെ നാദസ്വരത്തിന്‍റെയും വേദമന്ത്രങ്ങളുടെയും മന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി ചെങ്കോൽ പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് കൊണ്ടുപോയ മോദി ലോക്‌സഭ ചേംബറിലെ സ്‌പീക്കറുടെ കസേരയുടെ വലത് വശത്തുള്ള സ്ഥലത്ത് അത് സ്ഥാപിക്കുകയായിരുന്നു. ശേഷം ലോക്‌സഭയിൽ മോദി നിലവിളക്ക് തെളിയിച്ചു.
തുടർന്ന് ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്‌ത പ്രധാനമന്ത്രി, പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, എസ് ജയശങ്കർ, ജിതേന്ദ്ര സിങ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമാണത്തിൽ പ്രധാന പങ്കുവഹിച്ച ചില തൊഴിലാളികളെയും പ്രധാനമന്ത്രി ആദരിച്ചു.
ALSO READ:പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി, സ്‌പീക്കറുടെ ചേംബറിന് സമീപം സ്ഥാനം പിടിച്ച് ചെങ്കോല്‍
ത്രികോണാകൃതിയില്‍ നാല് നിലകളിലായി ഏകദേശം 64,500 ചതുരശ്ര അടിയിലാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം പണികഴിപ്പിച്ചിട്ടുള്ളത്. മന്ദിരത്തില്‍ ഗ്യാന്‍ ദ്വാര്‍, ശക്തി ദ്വാര്‍, കര്‍മ ദ്വാര്‍ തുടങ്ങി മൂന്ന് വലിയ പ്രധാന കവാടങ്ങളുണ്ട്. വിഐപികള്‍, എംപിമാര്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്ക് വ്യത്യസ്‌ത പ്രവേശന കവാടങ്ങളാണുള്ളത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ച വസ്‌തുക്കള്‍ ഉപയോഗിച്ചായിരുന്നു കെട്ടിടത്തിന്‍റെ നിര്‍മാണം.
മഹാരാഷ്‌ട്രയിലെ നാഗ്‌പൂരില്‍ നിന്നുള്ള തേക്കിന്‍ തടികള്‍, വിവിധ നിറത്തിലുള്ള സാന്‍റ്സ്‌റ്റോണ്‍, ഉത്തര്‍ പ്രദേശിലെ മിസാപ്പൂറില്‍ നിന്നുള്ള പരവതാനികള്‍, ത്രിപുരയില്‍ നിന്നെത്തിച്ച മുള കൊണ്ട് നിര്‍മിച്ച തറ, രാജസ്ഥാനിലെ കൊത്തുപണികള്‍ തുടങ്ങി രാജ്യത്തെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തെ വിളിച്ചോതുന്ന രീതിയിലാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമാണം.
കെട്ടിടത്തിന്‍റെ നിര്‍മാണത്തിനായി ഉപയോഗിച്ച കെശാരിയ പച്ച കല്ലുകള്‍ ഉദയ്‌പൂരില്‍ നിന്നും ചുവപ്പ് ഗ്രാനൈറ്റുകളും അജ്‌മീറിനടുത്തുള്ള ലഖയില്‍ നിന്നും വെളുത്ത മാര്‍ബിളുകളും രാജസ്ഥാനിലെ അംബാജിയില്‍ നിന്നും എത്തിച്ചവയാണ്. ലോക്‌സഭ, രാജ്യസഭ ചേംബറുകളിലെ ഫാള്‍സ് സീലിങ്ങിനുള്ള ഉരുക്ക് കേന്ദ്രഭരണ പ്രദേശമായ ദാമന്‍ ദിയുവില്‍ നിന്നാണ്. പുതിയ മന്ദിരത്തിലെ ഫര്‍ണിച്ചറുകള്‍ മുംബൈയില്‍ നിര്‍മിച്ചവയാണ്.
പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ലോക്‌സഭ ചേംബറില്‍ 888 ആംഗങ്ങള്‍ക്കും രാജ്യസഭ ചേംബറില്‍ 300 അംഗങ്ങള്‍ക്കും ഇരിക്കാന്‍ സാധിക്കും. രണ്ട് സഭകളിലെയും അംഗങ്ങള്‍ ഒരുമിച്ച് ഇരിക്കേണ്ട അവസരങ്ങളില്‍ ലോക്‌സഭ ചേംബറില്‍ 1,280 അംഗങ്ങളെ ഉള്‍ക്കൊള്ളിക്കാൻ സാധിക്കുന്ന രീതിയാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമാണം. 2020 ഡിസംബര്‍ 10നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റ് കെട്ടിടത്തിന് തറക്കല്ലിട്ടത്.