മുംബൈ:രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്‌ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോള്‍. ബംഗാള്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷം മാത്രമേ പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയുള്ളുവെന്ന് നാന പട്ടോള്‍ വിമര്‍ശിച്ചു.
ജനങ്ങളുടെ ജീവനേക്കാള്‍ പ്രധാനമന്ത്രി മുന്‍ഗണന നല്‍കുന്നത് തെരഞ്ഞെടുപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് അതിവേഗം കൊവിഡ് വ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി റാലികള്‍ നടത്തുന്നതിനുള്ള തിരക്കിലാണെന്നും നാന പട്ടോള്‍ കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ ഒന്നിനും പത്തിനുമിടയില്‍ രാജ്യത്ത് കൊവിഡ് അതിവേഗമാണ് കുതിച്ചുയര്‍ന്നത്. എന്നാല്‍ മാസ്‌ക് പോലും ധരിക്കാതെയാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തത്. ബംഗാളില്‍ അദ്ദേഹം സന്തോഷത്തോടെ റാലികളില്‍ പങ്കെടുത്തു. എന്ത് സന്ദേശമാണ് മാസ്‌ക് ധരിക്കാത്തതിലൂടെ പ്രധാനമന്ത്രി നല്‍കുന്നതെന്നും നാന പട്ടോള്‍ ചോദിച്ചു.
സംസ്ഥാന സര്‍ക്കാറിന്‍റെ ആശ്വാസ പാക്കേജുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ആരോപണത്തിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രതികരണവുമായെത്തി. സംസ്ഥാന സര്‍ക്കാര്‍ നടപടികളില്‍ രാഷ്‌ട്രീയം കളിക്കുകയാണ് ഫഡ്‌നാവിസ് ചെയ്യുന്നതെന്ന് നാന പട്ടോള്‍ വിമര്‍ശിച്ചു.