ലഖ്‌നൗ:യോഗി ആദിത്യനാഥ് സർക്കാർ കൊവിഡ് രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നത് സമാനതകളില്ലാത്ത രീതിയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വ്യാപനത്തിൽ തകർന്നുപോകാതെ സംസ്ഥാനം ഏഴുന്നേറ്റ് നിന്ന് പൊരുതിയെന്നും ഇത് തീർത്തും അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ പാർലമെന്‍ററി മണ്ഡലമായ വാരണാസിയിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ വേളയിൽ കൊവിഡ് മുൻനിര പോരാളികളെയും അഭിനന്ദിക്കാൻ പ്രധാനമന്ത്രി മറന്നില്ല. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പേരിലേക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എത്തിച്ചത് യുപി സർക്കാരാണെന്നും കൊവിഡ് വ്യാപനത്തിനിടയിലും ആശുപത്രി സൗകര്യങ്ങളിൽ കൈവരിച്ച വികസനം എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
550ലധികം ഓക്‌സിജൻ പ്ലാന്‍റുകളാണ് സംസ്ഥാനത്ത് സർക്കാർ സ്ഥാപിച്ചത്. ഗ്രാമപ്രദേശങ്ങളിലേക്ക് പോലും ആശുപത്രി സൗകര്യങ്ങൾ എത്തിക്കാൻ സർക്കാർ ശ്രദ്ധിച്ചു. ഇത് വരാനിരിക്കുന്ന കാലത്തിന് ഒരു മുതൽക്കൂട്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.