ന്യൂഡൽഹി :രാജ്യത്തെ കർഷകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് പോലും വിളകളുടെ റെക്കോർഡ് ഉത്പാദനമാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊവിഡ് പകർച്ചവ്യാധി ഓരോ മേഖലയെയും ബാധിച്ചുവെങ്കിലും കാർഷിക മേഖല റെക്കോർഡ് വിള ഉത്പാദനം നടത്തി. രാജ്യം റെക്കോർഡ് അളവിൽ വിളകൾ സംഭരിക്കാൻ തുടങ്ങി. പലയിടത്തും കടുകിന് മിനിമം സപ്പോർട്ട് വിലയേക്കാൾ(എംഎസ്‌പി) കൂടുതൽ ലഭിച്ചു. കൊവിഡ് പ്രതിസന്ധി നേരിടുന്ന ഈ സമയം 800 ദശലക്ഷം പാവപ്പെട്ട പൗരന്മാർക്ക് സൗജന്യ റേഷൻ നൽകാൻ കഴിയുന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Also Read:'സബ്‌ക സാത്ത്, സബ്‌ക വികാസ്, സബ്‌ക വിശ്വാസ്' - ജനതയുടെ മന്ത്രം ; മന്‍ കി ബാത്തിൽ മോദി
കിസാൻ റെയിൽ ഇതുവരെ രണ്ട് ലക്ഷം ടൺ ഉത്പന്നങ്ങള്‍ എത്തിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ വിദൂര പ്രദേശങ്ങളിലേക്ക് പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും വളരെ കുറഞ്ഞ ചെലവിൽ അയയ്ക്കാൻ കർഷകർക്ക് സാധിക്കുന്നു. കർഷകർ പല മേഖലകളിലും അത്ഭുതങ്ങൾ സൃഷ്‌ടിക്കുന്നു. അഗർത്തലയിലെ കർഷകർക്ക് ചക്കയുടെ നല്ല വിളപ്പെടുപ്പ് നടത്താൻ സാധിച്ചു. രാജ്യത്തും വിദേശത്തുമുള്ളവരുടെ ആവശ്യം മുൻകൂട്ടി കണ്ട കർഷകർ ചക്ക റെയിൽ മാർഗം ഗുവാഹത്തിയിലേക്ക് എത്തിച്ചു. ഇത് ഇപ്പോൾ ഗുവാഹത്തിയിൽ നിന്ന് ലണ്ടനിലേക്ക് അയക്കുന്നു.
ബിഹാറിലെ ഷാഹി ലിച്ചിയും ലണ്ടനിലേക്ക് കയറ്റുമതി ചെയ്യുന്നു. വിജയനഗരത്തിലെ മാമ്പഴവും കർഷകർക്ക് നേട്ടമാണ് സമ്മാനിച്ചത്. കിസാൻ റെയിൽ നൂറുകണക്കിന് ടൺ വിജയനഗരം മാമ്പഴങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോകുന്നു. ഡൽഹിയിൽ നിന്ന് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മാമ്പഴം എത്തുന്നു. വിജയനഗരത്തിലെ കർഷകർക്ക് നല്ല വരുമാനം ലഭിക്കുകയും ചെയ്യുന്നെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കേന്ദ്രത്തിൽ ഏഴ് വർഷം പൂർത്തിയാകുന്ന ദിവസവുമായിരുന്നു പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത്.