ഹിരോഷിമ:ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് നരേന്ദ്ര മോദി ഞായറാഴ്‌ച ഹിരോഷിമയിൽ എത്തിയത്. ഹിരോഷിമയിൽ ആണവ ആക്രമണത്തിൽ മരിച്ചവരുടെ സ്‌മരണയ്ക്കായി നിർമിച്ച ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്കിൽ അദ്ദേഹം പുഷ്‌പാർച്ചന നടത്തി.
ഇന്ത്യൻ പ്രധാനമന്ത്രിയെ കൂടാതെ, ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റ് നേതാക്കളും പാർക്കിൽ ആദരാഞ്ജലി അർപ്പിച്ചു. പാർക്ക് സന്ദർശിച്ച മോദി പ്രദർശനങ്ങൾ നിരീക്ഷിക്കുകയും സന്ദർശക പുസ്‌തകത്തിൽ ഒപ്പിടുകയും ചെയ്‌തു. ഹിരോഷിമയിൽ എത്തിയ മോദി മഹാത്മ ഗാന്ധിയുടെ അർധകായ പ്രതിമയും അനാവരണം ചെയ്‌തു.
ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോക നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയും താൻ നടത്തിയ സന്ദർശനത്തിന്‍റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്‌തു. മേയ് 19 മുതൽ 21 വരെയാണ് മോദി ഹിരോഷിമ സന്ദർശിക്കുന്നത്. പ്രധാനമായും ജി7 വികസിത സമ്പദ്‌വ്യവസ്ഥകളുടെ വാർഷിക ഉച്ചകോടിയിൽ ഭക്ഷണം, വളം, ഊർജ സുരക്ഷ എന്നിവയുൾപ്പെടെ ലോകം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ആധുനിക കൃഷിരീതികൾ, വളം, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ സഹകരണം എന്നീ മേഖലകളിൽ കൂടുതൽ സഹകരണം ലോകരാജ്യങ്ങൾ തമ്മിൽ ആവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം ആമുഖ പ്രഭാഷണത്തിൽ സുതാര്യമായ വളംവിതരണം, വളത്തിനു പകരമുള്ള മാർഗങ്ങൾ കണ്ടെത്തൽ അടക്കം പത്തോളം നിർദ്ദേശങ്ങളും മുന്നോട്ട് വച്ചു.
ജി7 അംഗരാജ്യങ്ങളായ ഫ്രാൻസ്, യുണൈറ്റഡ് സ്‌റ്റേറ്റ്സ്, യുണൈറ്റഡ് കിങ്‌ഡം, ജർമ്മനി, ജപ്പാൻ, ഇറ്റലി, കാനഡ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളുടെ നേതാക്കന്മാർക്കായി വർഷം തോറും നടക്കുന്ന ഒരു അന്താരാഷ്ട്ര ഫോറമായ ജി7 ഉച്ചകോടിയിൽ ഇത്തവണ നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു. ഉച്ചകോടിയിൽ പങ്കെടുത്ത അദ്ദേഹം ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, വിയറ്റ്നാം പ്രസിഡന്‍റ് ഫാം മിൻ ചിൻ, ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യുൻ സുക് യോൾ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഇന്തൊനേഷ്യൻ പ്രസിഡന്‍റ് ജോകോ വിഡോഡോ, യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് എന്നിവരുമായ ചർച്ചകൾ നടത്തി.
യുക്രെയ്‌ന് പൂർണ പിന്തുണ: റഷ്യൻ-യുക്രെയ്‌ൻ യുദ്ധത്തിൽ യുക്രെയ്‌ന് ഇന്ത്യയുടെ പൂർണ പിന്തുണ ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിരോഷിമയിൽ ജി7 ഉച്ചകോടിക്കെത്തിയ നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. റഷ്യ നടത്തുന്ന യുക്രെയ്‌ൻ അധിനിവേശത്തിന് ശേഷം ആദ്യമായാണ് ഇരുവരും കാണുന്നത്.
ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി എത്തിക്കാൻ സഹായിച്ച യുക്രെയ്‌ൻ സർക്കാരിനോട് നന്ദി അറിയിച്ച മോദി നയതന്ത്ര മാർഗങ്ങൾ അവലംബിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതകളും നോക്കണമെന്ന് സെലൻസ്‌കിയോട് ആവശ്യപ്പെട്ടു. ഉച്ചകോടിയിൽ പങ്കെടുക്കാൻ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും മോദിക്കൊപ്പം എത്തിയിരുന്നു.