ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്‌ച 'ആത്മനിർഭർ നരിശക്തി സേ സംവാദ'ത്തിൽ പങ്കെടുക്കും. ദീൻദയാൽ അന്ത്യോദയ യോജന-നാഷണൽ റൂറൽ ലൈവ്‌ലിഹുഡ്‌സ് മിഷന്‍റെ കീഴിൽ സ്വയം പര്യാപ്‌തത കൈവരിച്ച സ്‌ത്രീകളുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെയാണ് സംവദിക്കുന്നത്.
കാർഷിക ഉപജീവന മാർഗങ്ങൾ ആഗോളതലത്തിൽ വ്യാപിപ്പിക്കുന്നതിനെ സംബന്ധിച്ച ഒരു പുസ്‌തകവും രാജ്യത്തുടനീളമുള്ള വനിതാ സ്വയംസഹായ സംഘം (എസ്എച്ച്ജി) അംഗങ്ങളുടെ നേട്ടങ്ങളെ കുറിച്ചുള്ള സമാഹാരവും മോദി ചടങ്ങിൽ പ്രകാശനം ചെയ്യും.
സ്വയം പര്യാപ്‌ത നേടിയ നാല് ലക്ഷത്തിലധികം വരുന്ന എസ്‌എച്ച്‌ജികൾക്ക് 1625 കോടി രൂപ വരെയുള്ള മൂലധന പിന്തുണാ ഫണ്ടുകൾ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്‍റെ പിഎംഎഫ്എംഇ (മൈക്രോ ഫുഡ് പ്രോസസ്സിങ് എന്‍റർപ്രൈസസ് പിഎം സ്‌കീം) പദ്ധതിക്ക് കീഴിൽ 7,500 എസ്എച്ച്ജി അംഗങ്ങൾക്ക് 25 കോടി രൂപ വിഹിതമായും, 75 എഫ്‌പിഒ(കർഷക ഉത്പാദക സംഘടനകൾ)കൾക്ക് 4.13 കോടി രൂപയും നൽകാൻ തീരുമാനിച്ചിട്ടുണ്ട്.