ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തെ ചൊല്ലി പ്രതിപക്ഷം ദേശീയ സുരക്ഷ പ്രശ്നങ്ങള്‍ ഉയർത്തിക്കാട്ടുമ്പോള്‍, പ്രതിപക്ഷ ഐക്യ സഖ്യമായ 'ഇന്ത്യ'യെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്‍റൽ ഇൻക്ലൂസീവ് അലയൻസിനെ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായും ഈസ്‌റ്റ് ഇന്ത്യ കമ്പനിയുമായും ഉപമിച്ചായിരുന്നു അദ്ദേഹത്തിന്‍റെ കളിയാക്കല്‍. ചൊവ്വാഴ്‌ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
പരിഹാസം ഇങ്ങനെ:യോഗം കഴിഞ്ഞ് മാധ്യമങ്ങളോട് പ്രതികരിക്കവെ രവിശങ്കർ പ്രസാദാണ് പ്രധാനമന്ത്രിയുടെ പരിഹാസം ആവര്‍ത്തിച്ചത്. പാർലമെന്‍ററി പാർട്ടി യോഗത്തിൽ എംപിമാരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ‘ഇന്ത്യ’ എന്ന പേരിന് വിചിത്രമായ യാദൃശ്ചികതയുണ്ടെന്നാണ്. ഇന്ത്യൻ മുജാഹിദീൻ സ്ഥാപിച്ചത് തീവ്രവാദികളാണെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള സംഘടനകൾക്കൊപ്പവും ഇന്ത്യയെന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. അതുപോലെ പോലെ ഈസ്‌റ്റ് ഇന്ത്യ കമ്പനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും രൂപീകരിച്ചത് ബ്രിട്ടീഷുകാരാണെന്നും അദ്ദേഹം പരിഹസിച്ചതായും രവിശങ്കർ പ്രസാദ് പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ ഇന്ത്യക്ക് ദിശബോധമില്ലെന്ന് അദ്ദേഹം പറഞ്ഞതായും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
രാഹുലിന്‍റെ മറുപടി: മോദിയുടെ പരിഹാസത്തിന് രാഹുല്‍ ഗാന്ധിയും അതേ നാണയത്തില്‍ തിരിച്ചടിച്ചിട്ടുണ്ട്. "മിസ്റ്റർ മോദി, നിങ്ങൾക്ക് എന്തു ലേണമെങ്കിലും വിളിക്കാം. ഞങ്ങൾ "ഇന്ത്യയാണ്". ഞങ്ങൾ മണിപ്പൂരിന്‍റെ മുറിവുണക്കും. അതുവഴി അവിടുത്തെ സ്ത്രീകളുടേയും കുട്ടികളുടേയും കണ്ണീരൊപ്പും. മണിപ്പൂരില്‍ സ്നേഹവും സന്തോഷവും പുന;സ്ഥാപിക്കും. മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം പുനർനിർമിക്കും. രാഹുല്‍ ട്വീറ്റ് ചെയ്‌തു.
പ്രധാനമന്ത്രിയെ മൗനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം:മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി തിരിച്ചടിച്ചു. സഭയ്‌ക്ക് മുന്നിലെത്തി ഒരു പ്രസ്‌താവന നടത്തുന്നതില്‍ അദ്ദേഹത്തെ തടയുന്നത് എന്താണെന്ന് ചോദിച്ചായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. സഭാനടപടികള്‍ക്കിടെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌ത എഎപി എംപി സഞ്ജയ് സിംഗിന്‍റെ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. വിയോജിപ്പാണ് രാജ്യത്തിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം ഭരണപക്ഷത്തെ ഓര്‍മിപ്പിച്ചു.