ബെര്‍ലിന്‍ :പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്‌ച ജർമന്‍ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്‌ച നടത്തി. പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന്‍റെ ആദ്യ ദിവസമായ ഇന്ന്, രാവിലെ ബര്‍ലിനിലെത്തിയാണ് ഒലാഫ് ഷോൾസിനെ കണ്ടത്. ഫെഡറൽ ചാൻസലറി മൈതാനത്ത് ഗാർഡ് ഓഫ് ഓണർ നൽകി ചാൻസലർ മോദിയെ സ്വീകരിച്ചു.
2021 ഡിസംബറിൽ അധികാരമേറ്റ ജർമന്‍ ചാൻസലര്‍ ഷോൾസുമായുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ കൂടിക്കാഴ്‌ചയാണിത്. തന്ത്രപരവും പ്രാദേശികവും ആഗോളവുമായ കാര്യങ്ങളെക്കുറിച്ച് ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറിയേക്കും. ആറാമത് ഇന്ത്യ-ജർമനി ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷനിൽ (ഐജിസി) മോദിയും ഷോൾസും സഹ-അധ്യക്ഷരാകും.
2011-ൽ ആരംഭിച്ച ഐജിസി, രണ്ട് സർക്കാരുകളെയും ഉഭയകക്ഷി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയാണ്. ഇരു രാജ്യങ്ങളില്‍ നിന്നും നിരവധി മന്ത്രിമാർ ഐജിസിയിൽ പങ്കെടുക്കും. ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.