ന്യൂഡൽഹി:സിബഐ ഡയറക്‌ടറെ തെരഞ്ഞെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതാധികാരയോഗം ചേർന്നു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ, പ്രതിപക്ഷ പാർട്ടി നേതാവ് അധിർ രഞ്ചൻ ചൗധരി എന്നിവരും പങ്കെടുത്തു. ഡിജി സിഐഎസ്എഫ് സുബോദ് കുമാർ ജയ്‌സ്വാൾ, ശാസ്‌ത്ര സീമ ബാൽ (എസ്എസ്ബി) ഡയറക്ടർ ജനറൽ ആർ.കെ. ചന്ദ്ര, ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി വി.എസ്.കെ കാമുദി (ആഭ്യന്തര സുരക്ഷ) എന്നിവരില്‍ ഒരാളെയാകും സിബഐ ഡയറക്‌ടറായി പരിഗണിക്കാൻ സാധ്യത.
Also Read:ബ്ലാക്ക് ഫംഗസ് ഒരു സാംക്രമിക അണുബാധയല്ല: എയിംസ് ഡയറക്‌ടർ
യോഗം ഒന്നര മണിക്കൂറിലധികം നീണ്ടുനിന്നു. യോഗത്തിനിടെ പ്രതിപക്ഷ നേധാവ് അധിർ രഞ്ചൻ ചൗധരി തെരഞ്ഞെടുപ്പ് പ്രക്രിയയോട് എതിർപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. യോഗത്തിന് മണിക്കൂറുകൾക്ക് മുമ്പ് 109 ഉദ്യോഗസ്ഥരുടെ പട്ടിക 16 ആക്കി ചുരുക്കാൻ സർക്കാരിന് എങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ നേതാവിന് ലഭിച്ച പട്ടികയിൽ 109 ഐപിഎസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നതെന്നും അതിൽ നിന്ന് ഒരാളെ തെരഞ്ഞെടുക്കുന്നതായിരുന്നു യോഗത്തിന്‍റെ അജണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇന്നലെ ഈ പട്ടിക പത്ത് പേരിലേക്ക് ചുരുങ്ങിയതായും പിന്നീട് യോഗത്തിന് തൊട്ട് മുമ്പ് ആറ് പേരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു എന്നും അദ്ദേഹം അറിയിച്ചു. നടപടിക്രമങ്ങൾ പാലിച്ച രീതി സമിതിയുടെ ഉത്തരവിന് വിരുദ്ധമായിരുന്നെന്നും ചൗധരി ആരോപിച്ചു.
Also Read:ബാർജ് അപകടം: 86 മൃതദേഹങ്ങളും കണ്ടെടുത്തു
ചുരുങ്ങിയത് ആറുമാസത്തെ സേവനം എങ്കിലും ബാക്കിയുള്ള ഉദ്യോഗസ്ഥരെ മാത്രമേ തെരഞ്ഞെടുക്കാവൂ എന്ന് ചൗധരി യോഗത്തിൽ ആവശ്യപ്പെട്ടു. ആർ.കെ. ശുക്ല 2021 ഫെബ്രുവരി 2 ന് വിരമിച്ചത് മുതൽ കേന്ദ്ര ഏജൻസിയായ സിബിഐയിൽ ഒരു മുഴുവൻ സമയ ഡയറക്‌ടറില്ല. നിലവിൽ 1988 ബാച്ചിലെ ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ പ്രവീൺ സിൻഹ സിബിഐ ആക്‌ടിങ് മേധാവിയാണ്. സിബിഐ ഡയറക്ടറുടെ കാലാവധി രണ്ട് വർഷത്തേക്കാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ ഡയറക്‌ടർ 2023 വരെ സേവനമനുഷ്ഠിക്കും.