ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കുന്ന ആയുഷ്‌മാന്‍ ഭാരത് ഡിജിറ്റല്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്‌തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്‌ഘാടനം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ വച്ചാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്.
രാജ്യത്തെ എല്ലാ പൗരന്മാരുടേയും ചികിത്സ സംബന്ധമായ രേഖകള്‍ അവരുടെ സമ്മതത്തോടെ പ്രാപ്യമാക്കാനും കൈമാറ്റം ചെയ്യാനും പദ്ധതിയിലൂടെ സാധിയ്ക്കും. ആധുനിക ചികിത്സാരീതിയ്ക്ക് പുറമേ പരമ്പരാഗത ചികിത്സാരീതികളും പദ്ധതിയില്‍ ഉള്‍പ്പെടും.
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഹെല്‍ത്ത് ഐഡി കാര്‍ഡ്, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള രജിസ്ട്രി (എച്ച്പിആര്‍), ആരോഗ്യകേന്ദ്രങ്ങള്‍ക്കുള്ള രജിസ്‌ട്രി (എച്ച്എഫ്ആര്‍) എന്നിവയാണ് പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. ഹെല്‍ത്ത് ഐഡി കാര്‍ഡ് പൗരന്മാര്‍ക്ക് ആരോഗ്യ അക്കൗണ്ടായി ഉപയോഗിക്കാന്‍ സാധിയ്ക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍റെ സഹായത്തോടെ വ്യക്തിഗത ആരോഗ്യ രേഖകള്‍ പൗരന്മാര്‍ക്ക് കാണാനും ബന്ധിപ്പിക്കാനും കഴിയുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
നിലവില്‍ 6 കേന്ദ്രഭരണ പ്രദേശങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. ആയുഷ്‌മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ മൂന്നാം വാര്‍ഷികത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആയുഷ്‌മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നേരത്തെ പറഞ്ഞിരുന്നു.
Also read: ആയുഷ്മാന്‍ ഭാരത് ; 50 കോടി ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമായി