ലക്‌നൗ: കൊവിഡ് രണ്ടാം തരംഗത്തിനെതിരെയുള്ള വാരണാസിയുടെ കാര്യക്ഷമമായ പോരാട്ടത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ പാർലമെന്‍റ് മണ്ഡലം കൂടിയായ വാരണാസിയിലെ കൊവിഡ് മുൻനിര ആരോഗ്യ പ്രവർത്തകരുമായി ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ പണ്ഡിറ്റ് രാജൻ മിശ്ര ആശുപത്രി കൊവിഡ് ആശുപത്രിയായി മാറ്റിയതിലൂടെയും കുറഞ്ഞ സമയത്തിനുള്ളിൽ ഓക്‌സിജൻ കിടക്കകളുടെയും ഐസിയു കിടക്കകളുടെയും എണ്ണം വർധിപ്പിച്ചതിലൂടെയും വാരണാസി രാജ്യം മുഴുവനും മാതൃകയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പകർച്ചവ്യാധി സമയത്ത് നൽകിയ സേവനത്തിന് വാരണാസിയിലെ ഡോക്ടർമാർ, നഴ്‌സുമാർ, സാങ്കേതിക വിദഗ്‌ധർ, വാർഡ് ബോയ്‌സ്, ആംബുലൻസ് ഡ്രൈവർമാർ എന്നിവർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. എല്ലാവരുടെയും ഒന്നിച്ചുള്ള പരിശ്രമത്തിലൂടെ കൊവിഡ് മഹാമാരിയെ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞു. അതേ ശ്രമം വഴി പൂർവഞ്ചലിലെയും വാരണാസിയിലെയും ഗ്രാമങ്ങളിലും കൊവിഡിനെ പിടിച്ചുകെട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.